മമ്മൂട്ടിക്കു പിന്നാലെ സ്ക്രീനിലെത്താന്‍ കുഞ്ചാക്കോ ബോബന്‍; 'മോഹന്‍കുമാര്‍ ഫാന്‍സ്' റിലീസ് പ്രഖ്യാപിച്ചു

By Web TeamFirst Published Mar 9, 2021, 7:04 PM IST
Highlights

സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'മോഹന്‍കുമാര്‍ ഫാന്‍സി'ന്‍റെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ

തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താനുള്ള അനുമതി ലഭിച്ചതോടെ കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘകാലം റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ ഒന്നിനുപിന്നാലെ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു. മമ്മൂട്ടിയും മഞ്ജു വാര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദി പ്രീസ്റ്റ്' ആണ് ഈ തീരുമാനത്തിനു ശേഷം റിലീസ് ചെയ്യപ്പെടുന്ന ആദ്യ ബിഗ് റിലീസ്. സെക്കന്‍ഡ് ഷോ വിഷയത്തിലെ അനിശ്ചിതത്വം കാരണം പലകുറി റിലീസ് നീട്ടിവെക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് മറ്റന്നാളാണ്. ഇപ്പോഴിതാ മറ്റൊരു താരചിത്രവും റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന 'മോഹന്‍ കുമാര്‍ ഫാന്‍സ്' ആണ് ആ ചിത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം റിലീസ് നീണ്ട ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി ഈ മാസം 19 ആണ്. അതായത് 'ദി പ്രീസ്റ്റ്' തിയറ്ററുകളിലെത്തി തൊട്ടുപിറ്റേയാഴ്ച കുഞ്ചാക്കോ ബോബന്‍ ചിത്രവും എത്തും.

സിനിമാലോകത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'മോഹന്‍കുമാര്‍ ഫാന്‍സി'ന്‍റെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ. കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോര്‍ട്ട്, മുകേഷ്, ശ്രീനിവാസന്‍, അലന്‍സിയര്‍, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിന്‍സ് ജോര്‍ജ്. പിആര്‍ഒ വാഴൂര്‍ ജോസ്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. 

അതേസമയം സെക്കന്‍ഡ് ഷോ അനുവദിച്ചതോടെ പ്രതീക്ഷയിലാണ് സിനിമാ വ്യവസായം. ജനുവരി 14ന് 'മാസ്റ്റര്‍' റിലീസോടെ കേരളത്തിലെ തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും ഒരു തിയറ്ററില്‍ ദിവസേന മൂന്ന് പ്രദര്‍ശനങ്ങള്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിന് മടിച്ചുനിന്നപ്പോള്‍ താരതമ്യേന ചെറിയ സിനിമകളാണ് തിയറ്ററിലെത്തിയത്. വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തിലും വിജയമായിരുന്നെങ്കിലും ആ തിരക്ക് നിലനിര്‍ത്താവുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഉണ്ടാവാത്തത് തിയറ്റര്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 'ദൃശ്യം 2' ഒടിടി റിലീസ് ആയി പോയതോടെ തിയറ്റര്‍ ഉടമകള്‍ കാത്തിരുന്നത് മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'നുവേണ്ടി ആയിരുന്നു. ഈ ചിത്രം തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതില്‍ വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം. 

click me!