'എല്‍ 367' പോസ്റ്റര്‍ മന്ത്രി റിയാസിനുള്ള അംഗീകാരമെന്ന് ബിനീഷ് കോടിയേരി; ചിത്രത്തിലെ 'ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്' ചൂണ്ടിക്കാട്ടി കമന്‍റുകള്‍

Published : Jan 26, 2026, 10:48 PM IST
l 367 movie poster is a recognition to Muhammad Riyas says Bineesh Kodiyeri

Synopsis

മോഹന്‍ലാലിന്‍റെ പുതിയ ചിത്രം എല്‍ 367 ന്‍റെ പോസ്റ്ററിലെ ആറുവരിപ്പാതയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ 

മോഹന്‍ലാലിന്‍റേതായി ഇന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം എല്‍ 367 ന്‍റെ പോസ്റ്ററിലെ ചിത്രീകരണം ചൂണ്ടിക്കാട്ടി കേരളത്തിലെ റോഡ് വികസനത്തെ പ്രശംസിച്ച് ബിനീഷ് കോടിയേരി. മോഹന്‍ലാലിനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററാണ് ഇന്ന് പുറത്തെത്തിയത്. ഇതില്‍ ഒരു ആറുവരി പാതയുടെ ആകാശദൃശ്യമാണ് ഉള്ളത്. ഒരു വശത്ത് നിരനിരയായി വാഹനങ്ങള്‍ ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോള്‍ മറുവശത്തുകൂടി ഒരു വാഹനം മാത്രം പോകുന്നതും കാണാം. അതേസമയം പോസ്റ്ററിലെ റോഡിന്‍റെ ഗതാഗത ക്രമീകരണം ചൂണ്ടിക്കാട്ടി ഇത് കേരളമാണോ എന്ന് ചോദിക്കുന്നവരും എഐ ചിത്രീകരണം അല്ലേ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ബിനീഷ് കോടിയേരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ എത്തുന്നുണ്ട്.

ബിനീഷിന്‍റെ പോസ്റ്റ് ഇങ്ങനെ

സിനിമാ പോസ്റ്ററിലെ 'താരം' കേരളത്തിലെ റോഡുകൾ; ലാലേട്ടന്റെ പോസ്റ്ററിൽ വിരിഞ്ഞ വികസന വിസ്മയം; കേരളം മാറുകയാണ്, കരുതലോടെ.. കരുത്തോടെ!

മോഹൻലാൽ-വിഷ്ണു മോഹൻ ചിത്രമായ 'L367'-ന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ, അതിലെ മനോഹരമായ റോഡും വലിയ ചർച്ചയാവുകയാണ്. മലയാള സിനിമയുടെ ദൃശ്യഭംഗി തന്നെ മാറ്റിയെഴുതുന്ന വിധം കേരളത്തിലെ റോഡുകൾ മാറിയതിന് പിന്നിൽ കൃത്യമായ ഒരു പ്ലാനിംഗും ഇച്ഛാശക്തിയുമുണ്ട്.

വികസനത്തിന്റെ അമരക്കാരൻ

കേരളത്തിലെ പൊതുമരാമത്ത് മേഖലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദൃശ്യമാകുന്ന ഈ വലിയ മാറ്റത്തിന്റെ സൂത്രധാരൻ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ്. തകർന്ന റോഡുകളുടെ കാലം കഴിഞ്ഞ്, വിദേശ രാജ്യങ്ങളിലെ റോഡുകളോട് കിടപിടിക്കുന്ന നിർമ്മാണ രീതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണ്ണായകമാണ്.

ക്യത്യമായ മോണിറ്ററിംഗ്: പ്രവൃത്തികൾ സമയബന്ധിതമായി തീരുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രി നേരിട്ട് നടത്തുന്ന പരിശോധനകളും 'റണ്ണിങ് കോൺട്രാക്ട്' പോലുള്ള നൂതന പദ്ധതികളും റോഡുകളുടെ ആയുസ്സ് വർദ്ധിപ്പിച്ചു.

ബി.എം & ബി.സി വിപ്ലവം: കേരളത്തിലെ ഒട്ടുമിക്ക റോഡുകളും ബിറ്റുമിൻ മക്കാഡം (BM & BC) നിലവാരത്തിലേക്ക് ഉയർത്തിയതോടെ ഗതാഗതം സുഗമമായി. ഗ്രാമീണ റോഡുകൾ പോലും ഇന്ന് ഹൈവേകൾക്ക് തുല്യമായ നിലവാരത്തിലാണ്.

സിനിമയും വികസനവും: മുൻപ് മികച്ച റോഡുകൾ ചിത്രീകരിക്കാൻ അന്യസംസ്ഥാനങ്ങളിലേക്ക് പോയിരുന്ന സിനിമാ സംഘങ്ങൾ, ഇന്ന് കേരളത്തിലെ റോഡുകളെ അഭിമാനത്തോടെ ക്യാമറയിൽ പകർത്തുന്നു. 'L367' പോസ്റ്ററിലെ റോഡ് കേരളത്തിന്റെ ഈ പുതിയ മുഖമാണ് കാണിച്ചുതരുന്നത്.

"കേവലം റോഡ് പണിയുക മാത്രമല്ല, അത് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന മന്ത്രിക്കുള്ള അംഗീകാരം കൂടിയാണ് സിനിമകളിലും സോഷ്യൽ മീഡിയയിലും നിറയുന്ന ഈ പോസിറ്റീവ് ചർച്ചകൾ."

വികസനം എന്നത് വെറും വാഗ്ദാനമല്ല, മറിച്ച് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ഒന്നാണെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ഇന്നത്തെ ഓരോ പാതകളും.

അതേസമയം ഈ ചിത്രം ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാദൗത്യമായ ഓപറേഷന്‍ ഗംഗയെ ആസ്പദമാക്കിയുള്ള സിനിമയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. ഉക്രൈന്‍ യുദ്ധ സമയത്ത് സമീപ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ദൗത്യത്തിനുള്ള പേരായിരുന്നു ഓപറേഷന്‍ ഗംഗ. പോസ്റ്ററിലെ ട്രാഫിക് അലൈന്‍മെന്‍റ് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ഉള്ള സ്ഥലത്തേതാണെന്നും ഇത് കേരളമല്ലെന്നും കമന്‍റുകള്‍ ഉണ്ട്. ഒരുപക്ഷേ ഇത് എഐയില്‍ തയ്യാറാക്കപ്പെട്ട ഒന്നായിരിക്കാമെന്നും. ഇനി കേരളത്തിലെ റോഡിന്‍റെ ആകാശദൃശ്യം എടുത്തിട്ട് അണിയറക്കാര്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആവാനും സാധ്യതയുണ്ട്. എന്നാല്‍ ഫാന്‍ തിയറികള്‍ പലത് വരുമ്പോഴും അണിയറക്കാര്‍ സിനിമയെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി എന്ത് പറയും വിമര്‍ശകര്‍'? ന്യൂ ലുക്കില്‍ മോഹന്‍ലാലിന്‍റെ വീഡിയോ ആദ്യമായി പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്
'ദൃശ്യം 3 അല്ല, ജീത്തു ജോസഫിന്‍റെ ഡ്രീം പ്രോജക്റ്റ് മറ്റൊന്ന്'; വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍