എങ്ങനെയുണ്ട് ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'? ട്വിറ്റര്‍ രണ്ട് തട്ടില്‍

Published : Aug 11, 2022, 06:30 PM IST
എങ്ങനെയുണ്ട് ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'? ട്വിറ്റര്‍ രണ്ട് തട്ടില്‍

Synopsis

മൂന്നര വര്‍ഷത്തിനിപ്പുറമാണ് ഒരു ആമിര്‍ ഖാന്‍ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്

വളരെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്ന തിരക്കഥകള്‍, അവ ചലച്ചിത്ര രൂപത്തില്‍ ആക്കാന്‍ സമയമെടുത്ത് നടത്തുന്ന പരിശ്രമം, കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഏത് മേക്കോവറിലേക്കും പാകപ്പെടാന്‍ എടുക്കുന്ന അധ്വാനം, വര്‍ഷത്തില്‍ പരമാവധി ഒരു സിനിമ. സൂപ്പര്‍താര പദവിയിലേക്ക് കുതിച്ചുയര്‍ന്ന തൊണ്ണൂറുകളുടെ അവസാനം മുതല്‍ ആമിര്‍ ഖാന്‍റെ കരിയര്‍ ഇങ്ങനെയായിരുന്നു. അങ്ങനെയെത്തിയ ചിത്രങ്ങളില്‍ ബഹുഭൂരിപക്ഷവും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. വലിയ തകര്‍ച്ച നേരിട്ട കൊവിഡ് കാലത്തിനു ശേഷം തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിക്കാനാവാതെ ബോളിവുഡ് ഇരുട്ടില്‍ തപ്പുമ്പോഴാണ് ആമിറിന്‍റെ പുതിയ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ ഹിന്ദി റീമേക്ക് ആയ ലാല്‍ സിംഗ് ഛദ്ദ ഇന്നാണ് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ തഗ്സ് ഓഫ് ഹിന്ദൊസ്ഥാനു മുന്‍പുള്ള ആമിര്‍ ഖാന്‍ സിനിമകള്‍ക്ക് ആദ്യ ദിനങ്ങളില്‍ ലഭിക്കാറുള്ള ഏകാഭിപ്രായങ്ങളല്ല ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ സജീവമായ ട്രേഡ് അനലിസ്റ്റുകളില്‍ ഭൂരിഭാഗവും ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ നല്‍കുമ്പോള്‍ ചിത്രം മികച്ച അനുഭവമാണ് നല്‍കിയതെന്ന് അറിയിക്കുന്നവരും ഉണ്ട്.

ചിത്രം തന്നെ നിരാശപ്പെടുത്തിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തത്. ചില മികച്ച മുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കിലും പിടിച്ചിരുത്തുന്ന ഒരു ചിത്രമായില്ല ലാല്‍ സിംഗ് ഛദ്ദയെന്നാണ് തരണിന്‍റെ വിലയിരുത്തല്‍. ഫോറസ്റ്റ് ഗംപിന്‍റെ ആത്മാവ് റീമേക്കില്‍ നഷ്ടപ്പെട്ടുവെന്നാണ് മറ്റൊരു അനലിസ്റ്റ് ആയ സുമിത് കദേലിന്റെ വിലയിരുത്തല്‍. ആമിറില്‍ നിന്ന് ഇങ്ങനെയൊരു ചിത്രം പ്രതീക്ഷിച്ചില്ലെന്നാണ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. അതേസമയം പ്രത്യേക പ്രിവ്യൂ ക്ഷണം ലഭിച്ച് കണ്ട താന്‍ ചിത്രം ഇഷ്ടമാവാത്തതിനാല്‍ റിവ്യൂ ചെയ്യുന്നില്ലെന്നാണ് നിരൂപകനായ കെആര്‍കെയുടെ പ്രതികരണം. 

അതേസമയം നെഗറ്റീവ് അഭിപ്രായങ്ങള്‍ പോലെ തന്നെ പോസിറ്റീവ് അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രം മികച്ചതാണെന്നും ആമിറിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്നുമാണ് നവേദ് ജാഫ്രി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഒരുപാട് കാലത്തിനു ശേഷമാണ് ബോളിവുഡില്‍ നിന്ന് കൊള്ളാവുന്ന ഒരു ചിത്രം കണ്ടതെന്നാണ് തിരക്കഥാകൃത്ത് അനിരുദ്ധ ​ഗുഹ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിദേശ നിരൂപകയായ കോര്‍ട്ട്നി ഹൊവാര്‍ഡും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഈ ഫോറസ്റ്റ് ഗംപ് റീമേക്ക് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കോര്‍ട്ട്നിയുടെ റിവ്യൂ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെയാണ് ചിത്രത്തിന്‍റെ റിലീസ്. താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് ആമിര്‍ പ്രതികരിച്ചിരുന്നു. എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമാ നിര്‍മ്മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല, ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ