
കഴിഞ്ഞ ദിവസങ്ങളിലൊക്കെ അടിസ്ഥാനമില്ലാത്ത വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതിനാൽ മന:സ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നില്ല താനെന്ന് ലക്ഷ്മി പ്രിയ. പുതുതായി നിർമ്മിക്കുന്ന ഫാമിൽ കോഴി കൃഷി, പശു വളർത്തൽ ഇവ എങ്ങനെ വേണം എന്നതിനെപ്പറ്റി വീഡിയോസ് കാണുകയായിരുന്നുവെന്നും താൻ നിർമിക്കാൻ പോകുന്ന സിനിമയെ കുറിച്ചുള്ള പണിയിലായിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി ജി പി, കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വിലപ്പെട്ട നിമിഷം ആണ് അൻസിബ കളഞ്ഞതെന്നും ലക്ഷ്മി പറയുന്നു. സത്യം അറിയാതെ എനിക്കെതിരെ വ്യാജ തലക്കെട്ടുകൾ നൽകി യൂട്യൂബ് വീഡിയോസും റിയാക്ഷൻ വീഡിയോസും ചെയ്ത് അരി വാങ്ങിയവരും കരുതി ഇരുന്നോളൂവെന്നും ലക്ഷ്മി പ്രിയ മുന്നറിയിപ്പ് നൽകുന്നു.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ ദിവസങ്ങളിലൊക്കെ അടിസ്ഥാന മില്ലാത്ത വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതിനാൽ മന:സ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നോ ലക്ഷ്മി പ്രിയ?? ഒട്ടുമേ അല്ല. നൂറ് ശതമാനവും അടിസ്ഥാനമില്ലാത്ത ഒരു കേസിൽ ഞാൻ എന്തിന് എന്റെ മന:സമാധാനം കെടുത്തണം?? ഞാൻ ഇവിടെ പുതുതായി നിർമ്മിക്കുന്ന ഫാമിൽ കോഴി കൃഷി, പശു വളർത്തൽ ഇവ എങ്ങനെ വേണം എന്നതിനെപ്പറ്റി യൂട്യൂബ് വീഡിയോസ് കണ്ടിരിക്കുകയായിരുന്നു.
ഒപ്പം അലിക്കത്ത് എന്ന പേരിൽ ബഷീർ പൊന്നാനി സംവിധാനം ചെയ്യുന്ന ചിത്രം ഞാൻ ആണ് നിർമ്മിക്കുന്നത്. സ്ക്രിപ്റ്റ് ആവർത്തിച്ചു വായിച്ചും തിരുത്തലുകൾ വരുത്തുകയും ചെയ്തുകൊണ്ട് അവരുടെ ഒപ്പം ഉണ്ട് ഞാനും.
പിന്നെ അമ്മയുടെ ആനുവൽ ജനറൽ ബോഡി റിപ്പോർട്ടിന് വേണ്ട വിവിധ വിഷയങ്ങൾ എഴുതി തയ്യാറാക്കുന്നത് ഞങ്ങൾ രണ്ട് വൈസ് പ്രസിഡന്റ് മാരുടെ ചുമതല ആയിരുന്നു. അതൊക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും അന്വേഷണ റിപ്പോർട്ട് എത്തി.
രണ്ട് പേര് തമ്മിൽ രണ്ട് മിനിറ്റ് ഫോണിൽ സംസാരിച്ചാൽ തീരുമായിരുന്ന വിഷയം അതിന് മറ്റേ ആൾ തയ്യാറാകാതെ വന്നപ്പോൾ, ലാഘവത്തോടെ നിസ്സാരം എന്ന് അയച്ച ആൾ കരുതുകയും ലഭിച്ച ആൾക്ക് അതങ്ങനെ അല്ലാതെ കുടുംബത്തിൽ പ്രശ്നം ഉണ്ടാവുകയും ചെയ്തപ്പോൾ എനിക്ക് പരാതി കൊടുക്കേണ്ടി വന്നു. 4 വരിയിൽ ഉള്ള പരാതി. സത്യത്തിൽ പരാതി അല്ല, എന്റെ മനോ വിഷമം, അതുകൊണ്ട് എനിക്കുണ്ടായ ബുദ്ധിമുട്ടുകൾ, അതൊന്ന് ആ കുട്ടിയെ വിളിച്ചു ചോദിക്കണം എന്ന് മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ.
വിളിപ്പിച്ചപ്പോൾ അവർക്ക് സൗകര്യമുള്ള ദിവസം എത്തി. പറഞ്ഞതിലും അര മണിക്കൂർ നേരത്തേ അവരും പറഞ്ഞതിലും അര മണിക്കൂർ വൈകി ഞാനും എത്തി. രേഷ്മ മാഡം മറ്റൊരു പരാതി കേട്ടുകൊണ്ട് ഇരുന്നതിനാൽ പിന്നെയും അര മണിക്കൂർ കൂടി കഴിഞ്ഞ്, 12 മണി കഴിഞ്ഞപ്പോൾ ആ ക്യാബിനിൽ കയറി. 25 മിനിറ്റിൽ താഴെ ചോദ്യവും പറച്ചിലും കഴിഞ്ഞു. 35 മിനിറ്റ് 20 സെക്കന്റ് അന്ന് സ്ഥലത്ത് ഇല്ലാതിരുന്ന ജയേഷ് ഏട്ടനോട് ഫോണിൽ സംസാരിച്ചു. ആ കുട്ടി പറഞ്ഞത് പ്രകാരം സ്റ്റേഷൻ റിപ്പോർട്ട് മാഡം എഴുതി. അതിന് ഒരു 10 മിനിറ്റ്. 1.15 ന് റിപ്പോർട് വായിച്ചു കേട്ടൂ. 1.16 ന് രണ്ടാളും ഒപ്പിട്ട്, ഞാൻ അതിന്റെ ഫോട്ടോ എടുത്ത് മടങ്ങി. ആ കുട്ടി പുറത്തേക്കും പോയി.
ഞാൻ വന്നതും പോയതും യൂബർ ടാക്സിയിൽ ആയിരുന്നു. ഇതെല്ലാം ഡിജിറ്റൽ രേഖകൾ ആയിരുന്നു. ഞാൻ എല്ലാം കൊടുത്തു. പിന്നെ എങ്ങനെ മൂന്ന് മണിക്കൂർ ഹരാസ്സ്മെന്റ് ആകും? S I യ്ക്ക് എതിരെയുള്ള ആ കുട്ടിയുടെ പരാതിയിൽ മീഡിയയ്ക്ക് മുന്നിൽ വന്നു പറയുന്ന ഒരു വാക്ക് പോലും ഇല്ല. S I പുശ്ചത്തോടെ നോക്കി പോലും. അങ്ങനെ ഒരു പുശ്ച ഭാവം ഞാൻ കണ്ടില്ല. വലിയ തുക ലോൺ ചോദിക്കുമ്പോ ബാങ്ക് മാനേജർ മാർ, റിസർവേഷൻ ഇല്ലാതെ ട്രെയിനിൽ കയറി കഴിയുമ്പോ റെയിൽവേ ടി ടി ഇ ആർ മാർ, സീറ്റ് ഇല്ലാതെ ഹോട്ടലിന് വെളിയിൽ നിൽക്കുമ്പോ സീറ്റ് കിട്ടിയവർ അങ്ങനെ ആരെല്ലാം നമ്മളെ പുച്ഛിച്ചു നോക്കുന്നു.. നമ്മൾ ആർക്കെതിരെയും കേസ് കൊടുത്തിട്ടുമില്ല, കേസ് എടുക്കാൻ വകുപ്പുണ്ടോ എന്ന് നോക്കിയിട്ടുമില്ല.
എന്തായാലും ജനുവരി 30 ന് ഷേക്ക് ഹാൻഡ് നൽകി പിരിഞ്ഞ ആൾ അമ്മ കുടുംബ സംഗമത്തിന് ഒരേ വിളക്ക് പിടിച്ചു നിലവിളക്ക് കൊളുത്തി. ഫെബ്രുവരി 21 ന് രാജിക്കത്ത് നൽകി. മെയ് 12 ന് രാജി അംഗീകരിച്ചു. ശേഷം നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്ന വാർത്തകൾ ഒക്കെ ഞാനും കാണുന്നു.
ജീവിതം എന്നത് സിനിമയല്ല.ഇപ്പോൾ ഈ മുന്നോട്ട് വച്ച ഓരോ കാര്യത്തിലും നിഗൂഢതയുണ്ട് എന്നും പിന്നിൽ ആരോ ഉണ്ട് എന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാരണം പരാതി കൊടുക്കും മുൻപ് സ്റ്റേഷനിൽ സി സി ടി വി ദൃശ്യങ്ങൾ ഉണ്ടോ എന്ന് വിവരാവകാശം വഴി അറിയുകയും ഇല്ല, എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. മറ്റൊരു വിവരം അന്വേഷിച്ചു കൊണ്ടും വിവരാവകാശം എടുത്തു പോലും! ചുറ്റിലും സി സി ടി വി ഉള്ളതും ഇന്ന് ഡിജിറ്റൽ യുഗം ആണ് എന്നും ആൾ ഓർമ്മിച്ചില്ല. തെളിവുകൾ ഉണ്ടാക്കുന്നതല്ല, ഉണ്ടാകുന്നതാണ്.
പ്രിയപ്പെട്ട മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി ജി പി, കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെയൊക്കെ വിലപ്പെട്ട സമയം ഈ കുട്ടി കാരണം പാഴാക്കി കളഞ്ഞതിൽ എനിക്ക് വിഷമം ഉണ്ട്. ഞാനും കൂടി ഭാഗം ആയ കാര്യം ആയതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
വളരെ എഫിഷ്യന്റ് ആയ ഒരു പൊലീസ് ഓഫീസർ, ഒരു വാക്കുപോലും അവര് മോശമായിട്ട് പറയുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. അവരുടെ യൂണിഫോം പിഎസ്‌സി എഴുതി തന്നെ കിട്ടിയതാണോ എന്നുവരെ ചോദിച്ചുകൊണ്ട് മാധ്യമങ്ങളിൽ ഈ പെൺകുട്ടി സംസാരിച്ചു. പോക്സോ കേസിൽ ഉൾപ്പെടുന്ന കുഞ്ഞുങ്ങളോടും റേപ്പ് വിക്ടിംസ് ആയ സ്ത്രീകളോടും സംസാരിക്കുന്ന വളരെ സൗമ്യയായ ഒരു ഉദ്യോഗസ്ഥ. അവർ എത്ര ഭംഗിയായി ആളുകളോട് ഇടപെടുന്നവർ ആയിരിക്കണം എന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക. വളരെ ഗുഡ് സ്കോർ അടയാളപ്പെടുത്തിയിട്ടുള്ള അവരുടെ സർവീസ് റെക്കോർഡ്. അതിന്റെ ക്രെഡിബിലിറ്റിയെ വരെ ഈ പെൺകുട്ടി ചോദ്യം ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അടക്കം മൂന്നാമതൊരാൾ ഈ വിഷയം അറിയരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്ന ഇടത്തുനിന്നും കുടത്തിൽ നിന്നും അഴിച്ചുവിട്ട ഭൂതത്തെ പോലെ മറ്റൊരു രീതിയിൽ എന്നെ അവഹേളിച്ചു കൊണ്ട് അസത്യം മാത്രം പറഞ്ഞുകൊണ്ട് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. എന്റെ അന്തസ്സിനെ,ആത്മാഭിമാനത്തിനെ സ്ത്രീത്വത്തിനെ എന്തിന് 10 വയസ്സായ എന്റെ പാവം മകളെ കുറിച്ച് പോലും ഇല്ലാ കഥകൾ പറഞ്ഞു.
മീഡിയയോട് ആവർത്തിച്ചത് തന്നെ ആവർത്തിച്ചുകൊണ്ട് നിർത്തട്ടെ അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ആൾ അല്ല ലക്ഷ്മിപ്രിയ. സത്യത്തിനും ധർമ്മത്തിനും വിരുദ്ധമായി യാതൊന്നും നാളിതുവരെ ഞാൻ ചെയ്തിട്ടുമില്ല ഇനി ചെയ്യുകയുമില്ല. ഒരു പരാതി വ്യാജമാകുന്നത് ഒന്നുകിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഞാൻ പരാതി കൊടുക്കണം ഇല്ലെങ്കിൽ പരാതിപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഇല്ലാത്തതാവണം. ഇത് രണ്ടും അല്ലാത്ത ഒരു പരാതി എങ്ങനെയാണ് വ്യാജമാകുന്നത്?
തരം പോലെ ഓരോ ചാനലിലും ഓരോ രീതിയിൽ പറഞ്ഞതും എന്റെ കയ്യിൽ തെളിവായി ഉണ്ട്. ഇനിയാണ് യഥാർത്ഥ നിയമ പോരാട്ടം ആരംഭിക്കുന്നത്. ഇത്രയധികം എന്നെ അധിക്ഷേപിച്ചതിന് അൻസിബാ ഹസൻ ഉത്തരം പറഞ്ഞേ മതിയാവൂ. നട്ടാൽ കുരുക്കാത്ത കള്ളം പറയുന്ന ആളുകൾ, പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകൾ, ചെറിയ കാര്യങ്ങളെ ഊതി വീർപ്പിച്ച് വലുതാക്കുന്ന ഈഗോയുള്ള ആളുകൾ. ഇവരെല്ലാം സമൂഹത്തിന് അപമാനകരം തന്നെയാണ്.
10 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ടുകൊണ്ട് ഹർജി ഫയൽ ചെയ്യുകയാണ്. സത്യമേവ ജയതേ, ധർമ്മമേവ ജയതേ
ന : സത്യം അറിയാതെ എനിക്കെതിരെ വ്യാജ തലക്കെട്ടുകൾ നൽകി യൂ ട്യൂബ് വീഡിയോസും റിയാക്ഷൻ വീഡിയോസും ചെയ്ത് അരി വാങ്ങിയവരും കരുതി ഇരുന്നോളു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ