
തമിഴ് സിനിമയിലെ ഏറ്റവും പുതിയ സംസാരവിഷയമാണ് മാമന്നന്‍. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രം ജൂണ്‍ 29 നാണ് തിയറ്ററുകളില്‍ എത്തിയത്. ഭേദപ്പെട്ട പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനുമൊക്കെ നേടിയിരുന്നെങ്കിലും അതിനെ വെല്ലുന്ന പ്രതികരണമാണ് ഒടിടി റിലീസില്‍ ചിത്രത്തിന് ലഭിച്ചത്. ജൂലൈ 27 ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. നിലവില്‍ 9 രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ ഒടിടി റിലീസിന് പിന്നാലെ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടത് ചര്‍ച്ചയും വിമര്‍ശനവിഷയവും ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വയലന്‍സിനെക്കുറിച്ച് നടിയും സംവിധായികയുമായ ലക്ഷ്‍മി രാമകൃഷ്ണന്‍ പറഞ്ഞ അഭിപ്രായം ശ്രദ്ധ നേടുകയാണ്.
ചിത്രം മികച്ചതാണെങ്കിലും സ്ക്രീനില്‍ കാട്ടിയ ക്രൂരത തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ചിത്രത്തെക്കുറിച്ചുള്ള ട്വീറ്റില്‍ ലക്ഷ്‍മി കുറിച്ചു. അതൊഴികെ ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും. "മാമന്നന്‍ കണ്ടു. മാരി സെല്‍വരാജില്‍ നിന്ന് മറ്റൊരു ഗംഭീര ചിത്രം കൂടി. സ്ക്രീനില്‍ ദൃശ്യവത്കരിച്ച ക്രൂരത എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ അതൊഴിച്ചാല്‍ അതിനെയൊക്കെ അതിജീവിച്ച് നില്‍ക്കുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. എന്‍റെ ഹൃദയമിടിപ്പ് പോലും നിശ്ചലമാക്കിക്കളഞ്ഞ മുഹൂര്‍ത്തങ്ങള്‍. ഉദയനിധിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. മാമന്നനും അമ്മയും ഗംഭീരമായി. കീര്‍ത്തി സുരേഷ് മികച്ച ഫോമില്‍ ആയിരുന്നില്ലെന്ന് തോന്നി. വില്ലന്‍റെ ഭാര്യാ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു. തനിക്ക് പറയാനുള്ളത് തെളിമയോടെ പറയാന്‍ മാരി സെല്‍വരാജിന് സാധിച്ചതായി എനിക്ക് തോന്നി", ലക്ഷ്മി രാമകൃഷ്ണന്‍ കുറിച്ചു.
ചിത്രത്തിലെ വടിവേലുവിന്‍റെയും ഫഹദ് ഫാസിലിന്‍റെയും പ്രകടനത്തെയും ലക്ഷ്മി പ്രശംസിച്ചിട്ടുണ്ട്- "വടിവേലു മാമന്നനായി ജീവിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണെന്ന് ചിത്രം കണ്ടിരിക്കവെ ഞാന്‍ മറന്നുപോയി, മാമന്നനെ മാത്രമേ കാണാനായുള്ളൂ. ഫഹദ് ഒരു മികച്ച നടനാണ്. ഈ റോള്‍ അദ്ദേഹത്തെ സംബന്ധിച്ച് അനായാസമായ ഒന്നാണ്. പക്ഷേ ഡബ്ബിംഗ് ശരിയായോ എന്ന് സംശയം", ലക്ഷ്മി കുറിച്ചു.
ചിത്രത്തിലെ വയലന്‍സിന്‍റെ ദൃശ്യവത്കരണത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായത്തില്‍ വിമര്‍ശനവുമായെത്തിയ പ്രേക്ഷകനോട് ലക്ഷ്മി മറുപടിയും പറഞ്ഞിട്ടുണ്ട്. സ്ക്രീനിലെ വയലന്‍സിന്‍റെ അതിപ്രസരത്തിനെതിരെ എല്ലായ്‍പ്പോഴും ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പക്ഷേ വിധിക്കാന്‍ ഞാന്‍ ആളല്ല. ഞാനെന്‍റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. കീഴ്പ്പെടുത്തിക്കളയുന്ന ചില കാര്യങ്ങളില്ലാത്ത സിനിമകളെക്കുറിച്ച് ഈയിടെ ഞാന്‍ ഒന്നും പറയാറ് തന്നെയില്ല", ലക്ഷ്മി രാമകൃഷ്ണന്‍ കുറിച്ചു.
ALSO READ : മലയാളത്തില്‍ ഈ വാരം റിലീസ് പെരുമഴ; എത്തുന്നത് 7 ചിത്രങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ