
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച വ്യക്തിത്വം, ഉരുളയ്ക്ക് ഉപ്പേരി പോലെ തഗ് മറുപടികൾ, ജഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരൻ. കൊല്ലം സുധിയെ കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. വേദികളിൽ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോൾ.
സ്റ്റേജ് ഷോകളിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും സുധി നൽകിയത് എന്നും ഓർത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ. 'ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്', എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്.
2016ൽ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. സോഷ്യൽ മീഡിയ ട്രോളുകളിലും വാട്സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകൾ മുഴങ്ങി കേൾക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം ഇന്ന് മലയാളികൾക്ക് നോവിന്റെ വിങ്ങലായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്കൊപ്പം അവതരിപ്പിച്ച കോമഡി ഷോയിലെ'കപ്പലണ്ടിയേയ്..കപ്പലണ്ടിയേയ്..', 'ഇഞ്ചി മിഠായ്.. ഇഞ്ചി മിഠായ്' എന്നിങ്ങനെയുള്ള സുധിയുടെ ഡയലോഗുകളും ഏറെ ശ്രദ്ധേയമാണ്.
മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. നിരവധി സ്റ്റേജുകളിൽ സുധി കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശേഷം ടെലിവിഷൻ കോമഡി ഷോകളിൽ നിറ സാന്നിധ്യമായി. കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ എത്തുന്നത്. 2015 ല്‍ ആയിരുന്നു ഇത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധി അഭിനയിച്ചു.
വേദിയിൽ ചിരിയുണർത്തിയ കൂട്ടുകാർ, സുധിയുടെ ജീവനെടുത്ത് അപകടം; ബിനു അടിമാലി ഉൾപ്പടെയുള്ളവർക്ക് പരിക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ