സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. 

കൊച്ചി: നടൻ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. തൃശൂർ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. 

ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ വിദ​ഗ്ദ ചികിത്സയ്ക്ക് ആയിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജ​ഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പ്രോ​ഗ്രാം അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം. 

മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്‍റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍. 

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News