'ശങ്കരാഭരണം'എന്ന വിഖ്യാത സിനിമയുടെ ശില്പി; കെ. വിശ്വനാഥ് വിടവാങ്ങുമ്പോൾ..

Published : Feb 03, 2023, 10:11 AM ISTUpdated : Feb 03, 2023, 10:16 AM IST
'ശങ്കരാഭരണം'എന്ന വിഖ്യാത സിനിമയുടെ ശില്പി; കെ. വിശ്വനാഥ് വിടവാങ്ങുമ്പോൾ..

Synopsis

വാണിജ്യ ചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനായിരുന്നു കെ. വിശ്വനാഥ്.

കെ. വിശ്വനാഥ് എന്ന അതുല്യ പ്രതിഭയുടെ വിയോ​ഗ വേദനയിലാണ് തെലുങ്ക് സിനിമാ ലോകം. വർധക്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്റെ വിയോ​ഗം 91-ാം വയസിലാണ്. തെലുങ്ക് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവച്ചും അനുശോചനങ്ങൾ രേഖപ്പെടുത്തിയും രം​ഗത്തെത്തുന്നത്. 

വാണിജ്യ ചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനായിരുന്നു കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ്. മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായി കരിയർ ആരംഭിച്ച അദ്ദേഹം ഇന്ത്യൻ സിനിമാ മേഖലയ്ക്ക് തന്നെ വലിയ മുതൽക്കൂട്ടായി മാറിയത് വളരെ പെട്ടെന്നായിരുന്നു. 

1980ൽ പുറത്തിറങ്ങിയ ശങ്കരാഭരണം എന്ന സിനിമയാണ് വിശ്വനാഥിനെ ലോകസിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നു ശങ്കരാഭരണം. കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് പറഞ്ഞ ചിത്രം അവിശ്വസനീയമായ വിജയമായിരുന്നു നേടിയത്. തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിന് എത്തി. ഇതോടെ കെ വിശ്വനാഥ് എന്ന സംവിധായകനെ ഇന്ത്യൻ സിനിമ ഏറ്റെടുക്കുക ആയിരുന്നു. 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം പുരസ്കാരവും ചിത്രത്തെ തേടി എത്തി. 

ശങ്കരാഭരണത്തിന്റെ വൻ വിജയം വിശ്വനാഥിനെ കൂടുതൽ സിനിമകൾ ചെയ്യാൻ പ്രേരിപ്പിച്ചു. അവയിൽ ഏറെയും സം​ഗീതത്തിന് പ്രാധാന്യം ഉള്ളവയും ആയിരുന്നു. സാഗര സംഗമം, സ്വാതി കിരണം, സ്വർണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അതിൽ ചിലതുമാത്രം. മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു സ്വാതികിരണം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. കമൽഹാസന്റെ ഏറ്റവും മികച്ച 5  സിനിമകളിൽ ഒന്നായിരു്നനു സാഗര സംഗമം. കാംചോർ, ശുഭ് കാമന, ജാഗ് ഉതാ ഇൻസാൻ, സൻജോഗ്, ഈശ്വർ, ധൻവാൻ എന്നീ ഹിന്ദി ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ബി​ഗ് സ്ക്രീനിൽ എത്തി.

അമ്പതിൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്ത കെ വിശ്വനാഥ് തിരക്കഥാകൃത്തും അഭിനേതാവും കൂടി ആയിരുന്നു. യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 1992ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു. 'ശങ്കരാഭരണം'എന്ന ഇതിഹാസം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച കെ വിശ്വനാഥ് അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഇനിയും പ്രേക്ഷക മനസ്സിൽ ജീവിക്കും. 

സംവിധായകനും നടനുമായ കെ. വിശ്വനാഥ് അന്തരിച്ചു

വിശ്വനാഥിന്റെ വിയോ​ഗത്തിൽ നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. "ശ്രീ കെ വിശ്വനാഥ് ഗാരുവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം സംവിധാനം ചെയ്ത സ്വാതി കിരണത്തിൽ ഭാ​ഗമാകാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പം എന്റെ ചിന്തകളും പ്രാർത്ഥനകളും", എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. കമൽഹാസൻ, ചിരഞ്ജീവി, രജനികാന്ത് തുടങ്ങിയ താരങ്ങളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പേട്രിയറ്റ്' സെറ്റിൽ പുതുവർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തിൽ
അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14 ന് തിയറ്ററുകളിൽ