Asianet News MalayalamAsianet News Malayalam

സംവിധായകനും നടനുമായ കെ. വിശ്വനാഥ് അന്തരിച്ചു

ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ.

Telugu filmmaker K. Viswanath passes away nrn
Author
First Published Feb 3, 2023, 7:47 AM IST

ഹൈദരാബാദ്: തെലുങ്ക് സംവിധായകൻ കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് അന്തരിച്ചു. 91 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്വനാഥ് വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. 

1930 ഫെബ്രുവരി 19-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കെ. വിശ്വനാഥ് ജനിച്ചത്. ഗുണ്ടൂർ ഹിന്ദു കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠിച്ചു, കൂടാതെ ആന്ധ്രാ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎസ്‌സി ബിരുദവും നേടി. മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായിട്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 1951ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ സഹ സംവിധായകനായി അരങ്ങറ്റം കുറിച്ചു. 1965ൽ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 

ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി. സാഗര സംഗമം, സ്വാതി കിരണം, സ്വർണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്. 

'വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി'; സോഷ്യൽ മീഡിയ റിവ്യുകളെ കുറിച്ച് മമ്മൂട്ടി

അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറുതവണ നാന്ദി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 1992ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു. 

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ- ടെലിവിഷൻ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios