
തങ്ങള്‍ക്ക് കണ്ടെത്താനായി എന്തെങ്കിലുമൊക്കെ നിഗൂഢതകള്‍ ഉണ്ടാവുക... ഒരു വിജയചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ഇന്ന് ഏറ്റവും ആവശ്യമായ കാര്യമാണത്. ആരാധകര്‍ തിയറികള്‍ ചമയ്ക്കുന്നതിലൂടെ ചിത്രത്തിന് പരമാവധി പബ്ലിസിറ്റി ലഭിക്കും എന്നതാണ് അതിന്‍റെ ഗുണം. മലയാളത്തില്‍ ലൂസിഫര്‍ ആണ് അത്തരത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ഫാന്‍ തിയറികള്‍ക്ക് കാരണമായ ചിത്രമെങ്കില്‍ തമിഴില്‍ അത് വരാനിരിക്കുന്ന വിജയ് ചിത്രം ലിയോ ആണ്. കൈതിയും വിക്രവും ഉള്‍പ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായിരിക്കുമോ ലിയോ എന്നത് ചിത്രത്തിന്‍റെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള ചോദ്യമാണ്. ഇന്നലെ ട്രെയ്ലര്‍ എത്തിയതോടെ ആരാധകര്‍ ചില നിഗമനങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ചിത്രം എല്‍സിയു എന്ന ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായിരിക്കുമെന്ന് കഴിഞ്ഞ രണ്ട് മാസങ്ങളായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൈതി, വിക്രം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുമായി ലിയോ നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ എന്‍ഒസി ഒപ്പിട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുചിത്രങ്ങളിലെയും റെഫറന്‍സുകള്‍ ലിയോയില്‍ ഉപയോഗിക്കാനുള്ള നിയമതടസം ഒഴിവാക്കുകയാണ് ഇതിലെ ലക്ഷ്യം. ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണെന്ന് ഉറപ്പാണെന്നും വിക്രത്തിലെ ചില റെഫറന്‍സുകള്‍ ലിയോയില്‍ ഉണ്ടാവുമെന്നും ട്രെയ്ലര്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രമുഖ ട്രാക്കര്‍മാരായ ആകാശവാണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്രത്തിലെ കമല്‍ ഹാസനോ ഫഹദോ ചിത്രത്തില്‍ എത്തിയേക്കുമെന്നും അതല്ലെങ്കില്‍ അവരുടെ വോയ്സ് ഓവര്‍ എങ്കിലും ലിയോയില്‍ ഉണ്ടായിരിക്കുമെന്നും മറ്റൊരു അനലിസ്റ്റ് ആയ അമുതഭാരതിയും എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ ലിയോ പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന ഒന്നായിരിക്കും അത്. അതേസമയം ട്രെയ്‍ലറില്‍ എല്‍സിയു റെഫറന്‍സുകള്‍ തേടിയ ആരാധകരില്‍ ഒരു വിഭാഗം നിരാശരായെങ്കില്‍ മറ്റൊരു വിഭാഗം പ്രതീക്ഷയിലാണ്.
വിജയ് അവതരിപ്പിക്കുന്ന ലിയോ ദാസ് ഒരു പൊലീസ് ഓഫീസര്‍ ആയിരുന്നെന്ന് ട്രെയ്ലറില്‍ സൂചനയുണ്ട്. അങ്ങനെയെങ്കില്‍ കൈതിയില്‍ നരെയ്നും ജോര്‍ജ് മരിയനും അവതരിപ്പിച്ച ബിജോയ്, നെപ്പോളിയന്‍ എന്നീ പൊലീസ് കഥാപാത്രങ്ങളുമായി ലിയോ ദാസിന് ബന്ധമുണ്ടാകുമോ എന്ന് ആരാധകര്‍ സംശയിക്കുന്നു. ലിയോയുടെ പേരിലെ ദാസ് ഏറെ കൌതുകമുണര്‍ത്തുന്ന ഒന്നാണ്. ചിത്രത്തില്‍ അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഹരോള്‍ഡ് ദാസ് എന്നും സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് ആന്‍റണി ദാസ് എന്നുമാണ്. കൈതിയില്‍ അര്‍ജുന്‍ ദാസ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് അന്‍പു ദാസ് എന്നും ഹരീഷ് ഉത്തമന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് അടൈക്കളം ദാസ് എന്നുമായിരുന്നു. ലിയോ ദാസിന് ഇവരുമായൊക്കെ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
വിക്രത്തിന്‍റെ അവസാനമെത്തി ഞെട്ടിച്ച സൂര്യയുടെ റോളക്സിന്‍റെ രംഗത്തോട് സാമ്യമുള്ളതാണ് ലിയോ ട്രെയ്ലറില്‍ അര്‍ജുന്‍റെ ഹരോള്‍ഡ് ദാസിന്‍റെ സീന്‍. അനുയായികള്‍ക്കിടയില്‍ നിന്ന് ക്ഷോഭിക്കുന്ന അധോലോക നായകന്മാരാണ് ഇരുവരും. ഫ്രെയ്മുകളിലും ലോകേഷ് സമാനത കൊണ്ടുവന്നിട്ടുണ്ട്. വിജയ് ഒരു കുട്ടിയെ മടിയില്‍ കിടത്തി ഉറക്കുന്ന, ലിയോയിലെ സീനില്‍ വിക്രത്തിലെ കമല്‍ ഹാസന്‍ റെഫറന്‍സ് കണ്ടുപിടിക്കുന്നവരും ഉണ്ട്. സമാനതയുള്ള ചാരുകസേരയില്‍ ഒരേ രീതിയിലാണ് ഇരുവരുടെയും കിടപ്പ്. ഫാന്‍ തിയറികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ലിയോയില്‍ എത്രത്തോളം എല്‍സിയു ഉണ്ടാവുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ