'എ ആര്‍ റഹ്മാനോടും അനുരാഗ് കശ്യപിനോടും ചര്‍ച്ച നടത്തി'; 'ചുരുളി' വിആര്‍ റിലീസ് തീരുമാനത്തെക്കുറിച്ച് ലിജോ

By Web TeamFirst Published Aug 5, 2020, 8:08 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഏറ്റവും പുതിയ ചിത്രം 'ടെനറ്റും' ഡയറക്ട്-ടു-ഹോം റിലീസായാണ് ആലോചിക്കുന്നതെന്ന വാര്‍ത്തയാണ് തനിക്ക് പുതിയ ചിന്തയ്ക്കുള്ള പ്രേരകമായി ഭവിച്ചതെന്നും ലിജോ പറയുന്നു.

ഒടിടി റിലീസ് ഒഴിവാക്കി തന്‍റെ പുതിയ ചിത്രമായ 'ചുരുളി' മറ്റൊരു രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നതായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയത് ഒരാഴ്ച മുന്‍പാണ്. ഒരു വിആര്‍ (വെര്‍ച്വല്‍ റിയാലിറ്റി) പ്ലാറ്റ്ഫോമിലൂടെ ചിത്രം അവതരിപ്പിക്കാനാണ് തന്‍റെ ശ്രമമെന്നാണ് ലിജോ പറഞ്ഞത്. ഇപ്പോഴിതാ ആ തീരുമാനത്തിലേക്ക് എത്തിയതിനു പിന്നിലുള്ള നീണ്ടുനിന്ന ദീര്‍ഘമായ ആലോചനകളെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. ഒടിടി അല്ലാതെയുള്ള തീയേറ്റര്‍-ഇതര റിലീസിനെക്കുറിച്ചുള്ള സാധ്യതകള്‍ അന്വേഷിക്കവെ അഭിപ്രായം തേടിയവരുടെ കൂട്ടത്തില്‍ എ ആര്‍ റഹ്മാനും അനുരാഗ് കശ്യപും അടക്കമുള്ളവര്‍ ഉണ്ടെന്നും ലിജോ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇതേക്കുറിച്ച് പറയുന്നത്.

'മാച്ച്‍ബോക്സ് സിനിമ ഹെഡ്സെറ്റ്' എന്ന പേരില്‍ ലിജോ അവതരിപ്പിക്കാനിരിക്കുന്ന സംവിധാനം തീയേറ്റര്‍ കാഴ്ചയോട് കിടപിടിക്കുന്ന സിനിമാനുഭവം പ്രേക്ഷകന് സ്വന്തം വീട്ടിലിരുന്നുകൊണ്ട് സാധ്യമാവുന്ന രീതിയില്‍ വിഭാവനം ചെയ്യുന്ന ഒന്നാണ്. വിപണിയിലുള്ള വിആര്‍ ഹെഡ്‍സെറ്റുകളില്‍ ആവശ്യമായ ചില വ്യത്യാസങ്ങള്‍ വരുത്തിയാണ് ഈ സംവിധാനം ഒരുക്കാനുള്ള ശ്രമം. എന്നാല്‍ വിആര്‍ ഹെഡ്സെറ്റുകളുടെ വില (1500-25000) പ്രേക്ഷകരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സാധ്യതയുള്ള ഘടകമാണെന്നും അതിനാല്‍ അത് വാടകയ്ക്ക് ലഭ്യമാക്കുന്ന ഒരു ശൃംഖല നടപ്പില്‍ വരുത്താനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും ലിജോ പറയുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോയോടും താന്‍ പുതിയ ആശയത്തെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നു.

 

കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഏറ്റവും പുതിയ ചിത്രം 'ടെനറ്റും' ഡയറക്ട്-ടു-ഹോം റിലീസായാണ് ആലോചിക്കുന്നതെന്ന വാര്‍ത്തയാണ് തനിക്ക് പുതിയ ചിന്തയ്ക്കുള്ള പ്രേരകമായി ഭവിച്ചതെന്നും ലിജോ പറയുന്നു. "എനിക്ക് വലിയ അഭിനിവേശം തോന്നി അതു കേട്ടപ്പോള്‍. ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് സൃഷ്ടിച്ച ചിത്രമാണ് ടെനറ്റ്. നോളനെപ്പോലെ ഒരു സംവിധായകന്‍ അത്തരത്തിലൊരു പ്ലാറ്റ്ഫോമിലേക്ക് തന്‍റെ ചിത്രം എത്തിക്കുകയാണെങ്കില്‍ ലോകം അത് സാകൂതം ശ്രദ്ധിക്കും." തന്‍റെ കഴിഞ്ഞ ചിത്രം ജല്ലിക്കട്ടിന് ഒടിടി റിലീസ് ഉണ്ടായിരുന്നുവെങ്കിലും പുതിയ ചിത്രമായ ചുരുളി അത്തരത്തില്‍ എത്തിക്കുന്നതിനോട് തനിക്ക് തൃപ്തിക്കുറവുണ്ടെന്നും തീയേറ്റര്‍ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ് അതെന്നും ലിജോ പറയുന്നു. വിആര്‍ പ്ലാറ്റ്ഫോം വഴിയുള്ള റിലീസിന് ആ മേഖലയിലെ പ്രമുഖ കമ്പനികളായ എച്ച്ടിസി, സോണി, ഒക്കുലസ് എന്നിവരുമായുള്ള ചര്‍ച്ചകളിലാണ് ലിജോ ജോസ് പെല്ലിശ്ശേരി. 

click me!