'നൻപകല്‍ നേരത്ത് മയക്കം' 19ന്, ചിത്രത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാം

By Web TeamFirst Published Jan 16, 2023, 9:22 AM IST
Highlights

ഐഎഫ്എഫ്‍കെയില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്‍ത ചിത്രം കാണാൻ പറ്റാതിരുന്നവര്‍ അന്ന് പ്രതിഷേധിച്ചിരുന്നു.

ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും സ്വീകരിക്കപ്പെട്ട ഒന്നായിരുന്നു 'നൻപകല്‍ നേരത്ത് മയക്കം'. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തലേന്നാള്‍ മുതലേ തിയറ്ററിന് മുന്നില്‍ ഐഎഫ്എഫ്‍കെ പ്രതിനിധികള്‍ ക്യൂ നിന്നതും വാര്‍ത്തകളില്‍ ഇടംനേടി. ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വൻ വരവേല്‍പും സ്വന്തമാക്കുകയും കാണാൻ അവസരം ലഭിക്കാതിരുന്നതിനാല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്‍ത 'നൻപകല്‍ നേരത്ത് മയക്കം' തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുകയാണ്. ജനുവരി 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്.

പ്രേക്ഷക പങ്കാളിത്തം കൊണ്ട് അമ്പരിപ്പിക്കുന്ന കാഴ്‍ചയായിരുന്നു 'നൻപകല്‍ നേരത്ത് മയക്ക'ത്തിന്റെ വേള്‍ഡ് പ്രീമിയര്‍. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ആരവത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്.  'നൻപകല്‍ നേരത്ത് മയക്കം' തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പ്രേക്ഷകര്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു. കാത്തുനിന്നഎല്ലാ പ്രേക്ഷകര്‍ക്കും സിനിമ കാണാനാകും വിധം ഐഎഫ്എഫ്‍കെയിലെ പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നും പ്രേക്ഷകരില്‍ നിന്ന് ആവശ്യമുയര്‍ന്ന്. മമ്മൂട്ടിയോട് ഇക്കാര്യം സംസാരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി തിയറ്ററുകളില്‍ നിന്ന് മടങ്ങിയത്. എന്തായാലും 'നൻപകല്‍ നേരത്ത് മയക്കം' തിയറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ വിസ്‍മയിപ്പിക്കുന്ന പ്രകടനവും കാണാൻ തിയറ്ററുകളില്‍ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് തിരക്കഥ.

ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ മോഹൻലാലാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.  'മലൈക്കോട്ടൈ വാലിബൻ' എന്നാണ് മോഹൻലാല്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

click me!