
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ 'നൻപകല്‍ നേരത്ത് മയക്കം' കഴിഞ്ഞ ദിവസം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടി നായകനായ ചിത്രം കാണാൻ തിയറ്റര്‍ കവിഞ്ഞും ആള്‍ക്കാരുണ്ടായിരുന്നു. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നൻപകൽ നേരത്ത്' സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‍ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പ്രേക്ഷക പങ്കാളിത്തം കൊണ്ട് അമ്പരിപ്പിക്കുന്ന കാഴ്‍ചയായിരുന്നു 'നൻപകല്‍ നേരത്ത് മയക്ക'ത്തിന്റെ വേള്‍ഡ് പ്രീമിയര്‍. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ആരവത്തോടെയായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്തത്. 'നൻപകല്‍ നേരത്ത് മയക്കം' തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പ്രേക്ഷകര്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് ആവശ്യപ്പെട്ടു. കാത്തുനിന്നഎല്ലാ പ്രേക്ഷകര്‍ക്കും സിനിമ കാണാനാകും വിധം ഐഎഫ്എഫ്‍കെയിലെ പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നും പ്രേക്ഷകരില്‍ നിന്ന് ആവശ്യമുണ്ടായി. മമ്മൂട്ടിയോട് ഇക്കാര്യം സംസാരിക്കാമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഉറപ്പുനല്‍കുകയും ചെയ്‍തു.
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് തിരക്കഥ.
ലിജോ ജോസിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകൻ മോഹൻലാലാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ ഗുസ്‍തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More: സ്വയം പുതുക്കുന്ന ലിജോ, സൂക്ഷ്‍മാഭിനയത്തിന്‍റെ മമ്മൂട്ടി; 'നന്‍പകല്‍' റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ