Asianet News MalayalamAsianet News Malayalam

സ്വയം പുതുക്കുന്ന ലിജോ, സൂക്ഷ്‍മാഭിനയത്തിന്‍റെ മമ്മൂട്ടി; 'നന്‍പകല്‍' റിവ്യൂ

ലിജോയുടെ സിഗ്നേച്ചര്‍ ഉള്ളപ്പോള്‍ത്തന്നെ ദൃശ്യപരിചരണത്തിലും ഭാവുകത്വത്തിലും ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍റെ വേറിട്ട നടത്തവുമുണ്ട് 'നന്‍പകലി'ല്‍

Nanpakal Nerathu Mayakkam malayalam movie review world premiere iffk 2022 mammootty lijo jose pellissery
Author
First Published Dec 12, 2022, 8:25 PM IST

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്‍റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ഈ പ്രോജക്റ്റ് മമ്മൂട്ടിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായത് എന്തുകൊണ്ട് എന്നതിന് ചിത്രത്തിന്‍റെ കാഴ്ചാനുഭവം തെളിവാണ്. നടന്നുപോന്നിരുന്ന വഴിയില്‍ നിന്ന് അല്‍പം ദിശ മാറ്റുന്ന ലിജോ ജോസ് പെല്ലിശ്ശേരിയും പ്രകടനത്തില്‍ സൂക്ഷ്മത നിറയ്ക്കുന്ന മമ്മൂട്ടിയും ചേര്‍ന്നൊരുക്കിയ വിരുന്നാണ് സിനിമാപ്രേമികളെ സംബന്ധിച്ച് നന്‍പകല്‍ നേരത്ത് മയക്കം.

പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം. യാത്രയില്‍ സംഘാംഗങ്ങളില്‍ ചിലര്‍ ദുര്‍വ്യയം നടത്തുന്നുവെന്ന് അഭിപ്രായമുണ്ട് ട്രൂപ്പിന്‍റെ സാരഥി ജെയിംസിന്. യാത്രയില്‍ ഏറ്റവുമധികം ഉത്തരവാദിത്തമുള്ള ജെയിംസ് അതിന്‍റേതായ സംഘര്‍ഷങ്ങളിലുമാണ്. വഴിമധ്യെ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വര്‍ഷം മുന്‍പ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറാന്‍ ആരംഭിക്കുകയും ചെയ്യുന്നു! ഈ അസാധാരണ സാഹചര്യം ജെയിംസിന് ഒപ്പമുള്ള കുടുംബാംഗങ്ങളിലും നാടക സമിതി അംഗങ്ങളിലും ചെന്നുകയറുന്ന ഗ്രാമത്തിലും വീട്ടിലുമൊക്കെ സൃഷ്ടിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കം നെയ്തെടുത്തിരിക്കുന്നത്.

Nanpakal Nerathu Mayakkam malayalam movie review world premiere iffk 2022 mammootty lijo jose pellissery

 

ലിജോയുടെ സിഗ്നേച്ചര്‍ ഉള്ളപ്പോള്‍ത്തന്നെ ദൃശ്യപരിചരണത്തിലും ഭാവുകത്വത്തിലും ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍റെ വേറിട്ട നടത്തവുമുണ്ട് നന്‍പകലില്‍. ലിജോയുടെ മുന്‍ ചിത്രങ്ങളുടെയെല്ലാം കഥാപശ്ചാത്തലത്തില്‍ പ്രമേയത്തോളം പ്രാധാന്യമുള്ള ഒന്നാണ് വയലന്‍സ്. ഫിസിക്കലും വെര്‍ബലുമായ ഹിംസ അദ്ദേഹത്തിന്‍റെ സിനിമകളുടെ രസച്ചരടുമായിട്ടുണ്ട്. എന്നാല്‍ നന്‍പകല്‍ അതിന്‍റെ പേര് പോലെ തന്നെ സൌമ്യമാണ്. ഒരു ചെറുകഥ വായിക്കുന്ന സുഖമാണ് കാഴ്ചാനുഭവത്തില്‍ ചിത്രം നല്‍കുന്നത്. പ്രമേയത്തിലെ ഈ വഴിമാറിനടത്തം ദൃശ്യാവിഷ്കാരത്തിലും ലിജോ നടപ്പാക്കിയിട്ടുണ്ട്. അങ്കമാലി ഡയറീസും ജല്ലിക്കട്ടും സിറ്റി ഓഫ് ഗോഡും ആമേനുമടക്കമുള്ള ചിത്രങ്ങളില്‍ ചലനപ്പെരുക്കമുള്ള ക്യാമറയുടെ സാന്നിധ്യം പ്രകടമായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ ഏറെയും സ്റ്റാറ്റിക്ക് ഷോട്ടുകളാണ്. വലിയ സംഭവ ബഹുലതയൊന്നുമില്ലാത്ത ഒരു തമിഴ് ഉള്‍ഗ്രാമത്തെ അതിന്‍റെ സ്വാഭാവികതയോടെയാണ് ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Nanpakal Nerathu Mayakkam malayalam movie review world premiere iffk 2022 mammootty lijo jose pellissery

 

റിയലിസ്റ്റിക് പരിചരണത്തില്‍ അതിസ്വാഭാവികതയോടെ ആരംഭിക്കുന്ന ചിത്രം ജെയിംസിന് സംഭവിക്കുന്ന ഭാവമാറ്റത്തോടെ രീതി മാറ്റുന്നുണ്ട്. ഉച്ചമയക്കത്തിലാണ്ട തമിഴ് കുഗ്രാമത്തില്‍ ഒരു പരിചിതനെപ്പോലെ കടന്നുവരുന്ന അപരിചിതന്‍ സര്‍റിയല്‍ ആയ ഒരു അനുഭവം സൃഷ്ടിക്കുന്നുണ്ട്. റിയലിസ്റ്റിക് രീതിയില്‍ ആരംഭിച്ച ചിത്രത്തിലെ പ്രധാന ഇവന്‍റുകള്‍ നടക്കുന്ന ആ ഗ്രാമത്തെ ദീപ്തമായി അവതരിപ്പിക്കാന്‍ ലിജോ ആശ്രയിച്ചിരിക്കുന്നത് സൌണ്ട് ഡിസൈനിനെ, വിശേഷിച്ചും സംഗീതത്തെയാണ്. പഴയ തമിഴ് ചലച്ചിത്ര ഗാനങ്ങള്‍, പുലര്‍ച്ചെ കേള്‍ക്കുന്ന ഭക്തിഗാനങ്ങള്‍, ടെലിവിഷനിലൂടെ എത്തുന്ന പഴയ തമിഴ് ചിത്രങ്ങളുടെ സംഭാഷണശകലങ്ങള്‍ ഇവ ഗ്രാമത്തിന്‍റേതായ സൌണ്ട്സ്കേപ്പില്‍ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. തേനി ഈശ്വറിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം ഈ സൌണ്ട് സ്കേപ്പ് ഇഴചേരുമ്പോള്‍ സ്ക്രീനില്‍ ലഭിക്കുന്നത് സവിശേഷമായ അനുഭവമാണ്.

Nanpakal Nerathu Mayakkam malayalam movie review world premiere iffk 2022 mammootty lijo jose pellissery

 

ക്രാഫ്റ്റില്‍ മികവുള്ള ഒരു സംവിധായകന് താരഭാരങ്ങളൊന്നുമില്ലാതെ സ്വയം വിട്ടുകൊടുത്തിരിക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിന്‍റെ തുടക്കത്തില്‍ കടന്നുവരുന്ന, വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്ന് പുറത്തേക്കുള്ള നടപ്പിന്‍റേതായ ഒരു ഷോട്ടില്‍ തന്നെ മമ്മൂട്ടി ജെയിംസ് എന്ന തന്‍റെ കഥാപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും തനതായ ശരീരഭാഷയും ചലനങ്ങളുമൊക്കെ നല്‍കാറുള്ള മമ്മൂട്ടി ഇവിടെയും ആ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. ഇവിടെ അദ്ദേഹത്തിനുള്ള ഒരു വെല്ലുവിളി ജെയിംസിന്‍റെ ശരീരത്തില്‍ തന്നെ അയാളില്‍ നിന്ന് വേറിട്ട സുന്ദരം എന്ന തമിഴ് ഗ്രാമീണ കഥാപാത്രത്തെയും അവതരിപ്പിക്കണം എന്നതാണ്. ആവര്‍ത്തിച്ചുള്ള കാഴ്ചകളില്‍ വിസ്മയം തീര്‍ക്കാനുള്ള കൈമുതല്‍ മമ്മൂട്ടിയുടെ പ്രകടനത്തിനുണ്ട്. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം പാസിംഗ് ഷോട്ടുകളില്‍ ദീപ്തമായ സാന്നിധ്യമാവുന്ന നിരവധി മുഖങ്ങളും കാഴ്ചാനുഭവത്തില്‍ ചിത്രത്തിന് വ്യക്തിത്വമുണ്ടാക്കുന്നുണ്ട്. 

ആവര്‍ത്തന വിരസതയില്‍ മുഷിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രഖ്യാപനം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. അതിനാല്‍ത്തന്നെ ലിജോയുടെ മുന്‍ ചിത്രങ്ങളുടെ ഒരു വാര്‍പ്പുമാതൃക പ്രതീക്ഷിച്ചല്ല ഈ ചിത്രത്തെ സമീപിക്കേണ്ടത്. 

'പ്രതികരണങ്ങളും അവലോകനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നു': 'നൻപകൽ നേരത്ത് മയക്ക'ത്തെ കുറിച്ച് മമ്മൂട്ടി

Follow Us:
Download App:
  • android
  • ios