
നിവിൻ പോളിയുടേതായി റിലീസ് കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'തുറമുഖം'. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. പലതവണ റിലീസ് മാറ്റിവയ്ക്കപ്പെട്ട ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്തു നിന്നും പലപ്പോഴായി ഉയർന്നിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരം പുറത്തുവിടുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
ചിത്രം ഡിസംബറിന് മുന്‍പ് തിയറ്ററില്‍ എത്തിക്കുമെന്ന് ലിസ്റ്റിൻ പറഞ്ഞു. 'കുമാരി' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയാണ് റിലീസ് വൈകുന്നതിന് പ്രധാന കാരണമായി ഉണ്ടായിരുന്നത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് ഡിസംബറിൽ ഉണ്ടാകുമെന്ന് നിവിൻ പോളിയും അറിയിച്ചിരുന്നു.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ത്രസിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍; 'ട്വല്‍ത്ത് മാൻ' ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു
അതേസമയം, സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് നിവിന്റേതായി റിലീസിനൊരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിനും ഒന്നിക്കുന്ന ചിത്രം അടുത്തമാസം തിയറ്ററുകളിൽ എത്തും. പടവെട്ട് എന്ന ചിത്രമാണ് നിവിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.