മെയ് അഞ്ചിനാണ് ട്വൽത്ത് മാൻ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തത്.

'ദൃശ്യം 2'ന് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിച്ച ചിത്രം 'ട്വല്‍ത്ത് മാന്റെ' ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഒക്ടോബർ 23 (നാളെ) ഞായറാഴ്ച ഏഷ്യാനെറ്റിലാണ് പ്രീമിയർ. വൈകുന്നേരം ഏഴ് മണിക്ക് ആകും ചിത്രം സംപ്രേഷണം ചെയ്യുക. 

മെയ് അഞ്ചിനാണ് ട്വൽത്ത് മാൻ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തത്. മിസ്റ്ററി ത്രില്ലര്‍ ​ഗണത്തിൽപ്പെടുന്ന ചിത്രം പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. പതിനൊന്ന് സുഹൃത്തുക്കൾ ഒത്തുകൂടുന്നതും അതിലൊരാൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും അതേ തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ട്വൽത്ത് മാന്റെ പ്രമേയം. 

കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

തരം​ഗം തീർത്ത ‘ഗൂം ഗൂം’; മോഹൻലാലിനൊപ്പം ആടിപ്പാടി ടീം 'മോൺസ്റ്റർ'

അതേസമയം, മോൺസ്റ്റർ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മോഹൻലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.