Kamal Haasan Birthday | ബിഗ് സ്ക്രീനിലെ സകലകലാവല്ലഭന് ഇന്ന് പിറന്നാള്‍; 67ന്‍റെ നിറവില്‍ കമല്‍ ഹാസന്‍

By Web TeamFirst Published Nov 7, 2021, 11:37 AM IST
Highlights

വെള്ളിത്തിരയിലെ സകലകലാവല്ലഭന് ഇന്ന് പിറന്നാള്‍

കാലം ചെല്ലുന്തോറും രുചി വര്‍ധിക്കുന്ന വീഞ്ഞു പോലെയാണ് പ്രേക്ഷകരെ സംബന്ധിച്ച് കമല്‍ ഹാസന്‍ (Kamal Haasan). ബാലതാരമായെത്തി പിന്നീട് അഭിനയകലയുടെ കൊടുമുടി കയറിയ ആറ് പതിറ്റാണ്ടിനു ശേഷം അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും അഭിനയത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം അവസാനിച്ചിട്ടില്ല. വരാനിരിക്കുന്ന വിക്രം, ഇന്ത്യന്‍ 2 ഒക്കെ അതിനുള്ള തെളിവുകളാണ്. 'പ്രായം വെറും നമ്പര്‍' എന്ന പ്രയോഗം കമല്‍ ഹാസനെ സംബന്ധിച്ച് ആലങ്കാരികതയല്ല, നമ്മള്‍ കണ്ടറിഞ്ഞ യാഥാര്‍ഥ്യമാണ്. അദ്ദേഹത്തിന്‍റെ 67-ാം പിറന്നാളാണ് ഇന്ന് (Birthday).

ആറാം വയസ്സിലാണ് കമല്‍ ആദ്യമായി സിനിമാ ക്യാമറയ്ക്കു മുന്നിലേക്ക് എത്തുന്നത്. എ ഭീംസിംഗിന്‍റെ സംവിധാനത്തില്‍ 1960ല്‍ പുറത്തെത്തിയ കളത്തൂര്‍ കണ്ണമ്മയായിരുന്നു ചിത്രം. ജെമിനി ഗണേശ് നായകനായ ചിത്രത്തിലെ 'സെല്‍വ'ത്തെ പക്ഷേ പ്രേക്ഷകരും സിനിമാലോകവും ശ്രദ്ധിച്ചു. പിന്നീട് നൃത്ത സംവിധായകനായും ഉപനായക വേഷങ്ങളിലും സിനിമയില്‍ 14 വര്‍ഷങ്ങള്‍. തമിഴ് സിനിമകളുമായാണ് കൂടുതല്‍ സഹകരിച്ചതെങ്കിലും ആദ്യമായി ഒരു നായകവേഷം ലഭിച്ചത് മലയാളത്തിലായിരുന്നു. എംടിയുടെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്‍ത് 1974ല്‍ പുറത്തെത്തിയ കന്യാകുമാരി ആയിരുന്നു ചിത്രം. തൊട്ടുപിറ്റേ വര്‍ഷം അപൂര്‍വ്വരാഗങ്ങളിലെ നായകനെ അവതരിപ്പിക്കാന്‍ കെ ബാലചന്ദര്‍ അദ്ദേഹത്തെ ക്ഷണിച്ചു. ഒരു ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു അത്.

ഇന്ത്യനിലെ 'സേനാപതി'യും 'ചന്ദ്രബോസും', തേവര്‍മകനിലെ 'ശക്തിവേല്‍', നായകനിലെ 'വേലു നായ്ക്കര്‍', ഹേ റാമിലെ 'സാകേത് റാം', അന്‍പേ ശിവത്തിലെ 'നല്ലാ ശിവം' അങ്ങനെ ക്യാമറയ്ക്കു മുന്നിലും പിന്നിലും നടത്തിയ എത്രയെത്ര പരീക്ഷണങ്ങള്‍, അഭിനയ മുഹൂര്‍ത്തങ്ങള്‍... ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ചിട്ടകള്‍ക്ക് പുറത്ത് സ്വയം പഠിച്ചെടുത്ത ഭാഷയുടെ ചാതുര്യം, സാങ്കേതികരംഗത്തെ നവീനതയ്ക്കൊപ്പം എക്കാലവും സ്വയം പുതുക്കിയെടുക്കാനുള്ള വ്യഗ്രത, വെള്ളിത്തിരയിലെ സകലകലാവല്ലഭനിലേക്ക് കമലിനെ വളർത്തിയ ഘടകങ്ങൾ ഏറെയായിരുന്നു. സിനിമയിലെ തലമുറമാറ്റത്തിനിടയിലും കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള മനസ്സും ഊർജ്ജസ്വലതയും ചിന്താശക്തിയുമാണ് കമലിനെ ഏത് കാലത്തും 'ഫ്രഷ്' ആക്കി നിലനിര്‍ത്തുന്ന ഘടകങ്ങള്‍.

 

ലോകേഷ് കനകരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ വിക്രം ആണ് കമല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു എന്നത് ഈ ചിത്രത്തില്‍ മലയാളികള്‍ക്കുള്ള താല്‍പര്യം കൂട്ടുന്ന ഘടകമാണ്. ചിത്രത്തില്‍ വിരമിച്ച ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് കമല്‍ എത്തുക എന്നാണ് സൂചന. ഷങ്കറിന്‍റെ ഇന്ത്യന്‍ 2 ആണ് കമല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. കൊവിഡില്‍ ഷെഡ്യൂള്‍ ബ്രേക്ക് ആയ ചിത്രം ഡിസംബറില്‍ പുനരാരംഭിക്കും. 10 ഗെറ്റപ്പുകൾ കൊണ്ട് ഞെട്ടിച്ച ദശാവതാരത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും കമൽ ആരാധകരെ ആവേശത്തിലാക്കുന്ന ഒന്നാണ്.

അതേസമയം സിനിമയേക്കാള്‍ സമയം കമല്‍ ഇപ്പോള്‍ വിനിയോഗിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിലാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകളിലൊന്നും നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും മക്കള്‍ നീതി മയ്യം എന്ന സ്വന്തം രാഷ്‍ട്രീയ പാര്‍ട്ടിയിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസവും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനവും അവസാനിക്കുന്നില്ല. അഴിമതിക്കും ഫാസിസത്തിനുമെതിരായി കമല്‍ ഉയര്‍ത്തുന്ന ശബ്‍ദം എപ്പോഴും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കാറുണ്ട്. ഒരു വശത്ത്  കയ്യടി നേടുന്ന നടപടികളുമായി ജനപ്രീതി നേടുകയാണ് മുഖ്യമന്ത്രി പദത്തില്‍ എം കെ സ്റ്റാലിന്‍. മറുവശത്ത് തിരിച്ചുവരവിനൊരുങ്ങുന്ന ശശികലയും അണ്ണാ ഡിഎംകെയും. ഇതിനിടയിൽ  മക്കൾ നീതി മയ്യത്തിന്‍റെ റോൾ എന്താകും എന്നതാണ് പ്രസക്തം.

click me!