Kamal Haasan birthday|കമൽഹാസൻ, മലയാളത്തിന്റെ പ്രണയ നായകൻ

Web Desk   | Asianet News
Published : Nov 07, 2021, 09:47 AM ISTUpdated : Nov 07, 2021, 10:27 AM IST
Kamal Haasan birthday|കമൽഹാസൻ, മലയാളത്തിന്റെ പ്രണയ നായകൻ

Synopsis

ഉലകനായകൻ കമല്‍ഹാസൻ മലയാളികള്‍ക്ക് എന്നും പ്രണയ നായകനാണ്.  

ഉലകനായകൻ, പരമക്കുടി ഭഗവാൻ, ആൽവാർപ്പേട്ട ആണ്ടവൻ, സകലകലാവല്ലഭൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണെങ്കിലും മലയാളത്തിന്(malayalam film) കമൽഹാസൻ  എന്നും പ്രിയപ്പെട്ട പ്രണയ നായകനാണ്. 1970-കളിൽ ശ്രദ്ധേയമായ മലയാള സിനിമകളിൽ പലതിലും കമൽഹാസൻ (Kamal Haasan) ആയിരുന്നു നായകൻ. മലയാളികൾ ഇന്നും പാടിനടക്കുന്ന പ്രണയഗാനങ്ങളിൽ ഒട്ടുമിക്കതിലും അറുപത്തേഴിന്റെ നിറവിൽ(Kamal Haasan birthday) നിൽക്കുന്ന കമൽ തന്നെ ആയിരുന്നു നായകൻ. കമല്‍ഹാസൻ നായകനായുള്ള മലയാള ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയം തന്നെ.

വളരെ ചെറുപ്പം മുതൽ തന്നെ മലയാള സിനിമയുമായി അഭേദ്യമായ ബന്ധമുണ്ട് കമൽഹാസന്. 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിൽ ആദ്യമായി എത്തുന്നത്. ചിത്രത്തിൽ വയലാര്‍ – എം ബി ശ്രീനിവാസന്‍ കൂട്ട് കെട്ടിൽ പിറന്ന "താത്തെയ്യം കാട്ടിലെ..” എന്ന പാട്ടാണ് കമൽ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ഗാനരംഗം. അന്ന് ഏറെ ശ്രദ്ധനേടിയ ഈ ഗാനം ഇന്നും പലരുടെയും മനസ്സിൽ തിങ്ങിനിൽക്കുന്നുണ്ട്.

കന്യാകുമാരി'  എന്ന  .മലയാള  ചിത്രത്തില്‍ 1974ല്‍ ആദ്യമായി നായികനായി.  ചിത്രത്തിലെ അഭിനയത്തിന് ആദ്യത്തെ പ്രാദേശിക ഫിലിം ഫെയർ പുരസ്‍കാരവും കമലിന് ലഭിച്ചിരുന്നു. ബാലതാരത്തിൽ നിന്ന് പതിറ്റാണ്ടുകൾ നീണ്ടുനിന്ന റൊമാന്റിക് നായകനിലേക്കുള്ള, കമലിന്റെ യാത്ര ആരംഭിച്ചത് അവിടെ നിന്നായിരുന്നു. ശങ്കരന്‍ നായരുടെ സംവിധാനത്തിൽ 1974ൽ തന്നെ റിലീസ് ചെയ്‍ത 'വിഷ്‍ണുവിജയം' എന്ന ചിത്രത്തിലും നായകനായി കമൽ തിളങ്ങി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മാസ്‍മരിക പ്രകടനം നടത്തിയ കമൽഹാസൻ സിനമാരംഗത്ത് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഷീല ആയിരുന്നു കമലിന്റെ നായികയായി എത്തിയത്.

കെ. ബാലചന്ദര്‍ ഒരുക്കിയ 'അവള്‍ ഒരു തുടര്‍ക്കഥ' എന്ന വിജയ ചിത്രത്തോടെയായിരുന്നു യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയനായ നായകനായി സിനിമാ പ്രേമികൾ കമൽഹാസനെ നെഞ്ചിലേറ്റിയത്. ഇതോടൊപ്പം തന്നെ മറ്റൊരു സീത, തിരുവോണം തുടങ്ങിയ വിജയ ചിത്രങ്ങളിലും താരം നായകനായി. 'ഞാൻ നിന്നെ പ്രേമിക്കുന്നു' എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധേനേടി. ഈ ചിത്രത്തിലൂടെയാണ് കമൽ ആദ്യമായി പിന്നണി ഗായകനാകുന്നത്.

1975ൽ ശങ്കരന്‍ നായർ ഒരുക്കിയ രാസലീല എന്ന ചിത്രത്തിലെ ബുദ്ധിമാന്ദ്യമുള്ള നായക വേഷവും കമലിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു. പിന്നീട് ശിവതാണ്ഡവം, മദനോത്സവം, ശ്രീദേവി തുടങ്ങിയ വിജയ ചിത്രങ്ങളും കമൽ- ശങ്കരൻ കൂട്ടുകെട്ടിൽ പിറന്നു. എൻ കെ ആചാരിയുടെ തിരക്കഥയിൽ ശശികുമാർ 1976ൽ ഒരുക്കിയ 'സ്വിമ്മിംഗ് പൂൾ' എന്ന സിനിമയിലാണ് കമൽഹാസൻ ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്. അന്ന് ഏറെ കയ്യടി നേടിയ കഥാപാത്രം കൂടിയായിരുന്നു ഇത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ കമലിന്റെ  നായികയായി അഭിനയിച്ചത് നടി വിധുബാലയാണ്. ഓര്‍മ്മകള്‍ മരിക്കുമോ, കാത്തിരുന്ന നിമിഷം, അനുമോദനം, ആശിര്‍വാദം, അഷ്‌ടമംഗല്യം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും താര ജോഡികളായി. കമലിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് മദനോത്സവം എന്ന ചിത്രമായിരുന്നു.

 

'അലാവുദീനും അത്ഭുതവിളക്കും' എന്ന ചിത്രം 1979ല്‍ പുറത്തിറങ്ങിയതിന് ശേഷം തമിഴില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച നടൻ, മാറ്റുവിൻ ചട്ടങ്ങളെ, അന്തിവെയിലിലെ പൊന്ന്, വ്രതം എന്നിങ്ങനെ ചുരുക്കം ചില മലയാള ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. 1988ല്‍ പ്രതാപ് പോത്തൻ സംവിധാനം ചെയ്‍ത ഡെയ്‌സിയിൽ നായികയുടെ സഹോദരനായി ചെറുതെങ്കിലും ശ്രദ്ധേയമായ വേഷവും ചെയ്‍തു. പിന്നീട്  രാജീവ് കുമാര്‍ സംവിധാനം ചെയ്‍ത ചാണക്യന്‍ എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോളിവുഡിൽ നിന്ന് മാറിനിന്നെങ്കിലും മലയാളികൾക്ക്  ഇന്നും കമൽഹാസൻ പ്രിയപ്പെട്ട നടനാണ്. പുന്നകൈ മന്നൻ, മൂന്നാംപിറ, ഗുണ, നായകൻ, ഇന്ത്യൻ, അവ്വൈ ഷണ്മുഖി, വിശ്വരൂപം തുടങ്ങി കമൽ അഭിനയിച്ച ചിത്രങ്ങൾ കേരളത്തിൽ ഹിറ്റ് ആയതും ഈ ഇഷ്‍ടം കൊണ്ടുതന്നെയാണ്.

അഭിനയത്തിന് പുറമെ ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നർത്തകൻ, നിർമ്മാതാവ്, രാഷ്‍ട്രീയനേതാവ് തുടങ്ങി വ്യത്യസ്‍ത റോളുകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉലകനായകന്റെ വെള്ളിത്തിരയിലെ ജൈത്രയാത്ര തുടരുകയാണ്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഏത് നിര്‍വചനത്തില്‍ ഈ നടനെ നിര്‍ത്തുമെന്ന ചോദ്യത്തിന് സിനിമലോകത്തിനോ സിനിമാ പ്രേമികള്‍ക്കോ ഉത്തരമില്ല. തന്റെ അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന കമൽഹാസന്റെ പിറന്നാൾ, തമിഴ്‍ സിനിമാ മേഖലയെ പോലെ തന്നെ ആഘോഷമാക്കുകയാണ് മലയാളികളും.

PREV
Read more Articles on
click me!

Recommended Stories

ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി
'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ