'സ്റ്റീഫന്‍ നെടുമ്പള്ളി'യാകാൻ ചിരഞ്ജീവി; ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഈ മാസം ആരംഭിക്കും

By Web TeamFirst Published Jan 4, 2021, 7:38 PM IST
Highlights

മലയാള സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബ് തുറന്നുകൊടുത്ത ചിത്രമാണ് പൃഥ്വിരാജിന്‍റെ സംവിധായക അരങ്ങേറ്റമായിരുന്ന ലൂസിഫര്‍. 

ലയാള സിനിമയിലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻ മോഹൻലാലിന്റെ വേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്. 20 ന് ചിത്രീകരണം ആരംഭിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ കൊവിഡ് ടെസ്റ്റ് എടുക്കുമെന്നും അണിയറപ്രവ‍ർത്തകര്‍ അറിയിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പ്രഭാസ് ചിത്രം സാഹോ ഒരുക്കിയ സുജീത് റെഡ്ഡി ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് തെലുങ്കിലെ ഹിറ്റ് സംവിധായകന്‍ മോഹന്‍ രാജയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. 2001ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ഹനുമാന്‍ ജംഗ്‍ഷന്‍ ആണ് മോഹന്‍ രാജയുടെ ആദ്യ ചിത്രം. പിന്നീട് ജയം, എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും തുടങ്ങി തെലുങ്കില്‍ നിന്നും തമിഴിലേക്കുള്ള റീമേക്കുകളായി ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പക്ഷേ ജയം രവിയെ നായകനാക്കി ഒരുക്കിയ തനി ഒരുവനാണ് തമിഴില്‍ അദ്ദേഹത്തിന് ബ്രേക്ക് നേടിക്കൊടുത്തത്.

താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം സെയ്‍റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിന് എത്തിയപ്പോഴാണ് 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി ആദ്യം പറയുന്നത്. ചിരഞ്ജീവിയുടെ 153-ാം ചിത്രം 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണെന്ന വിവരം നേരത്തെ പുറത്തെത്തിയ വിവരമായിരുന്നു.

മലയാള സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബ് തുറന്നുകൊടുത്ത ചിത്രമാണ് പൃഥ്വിരാജിന്‍റെ സംവിധായക അരങ്ങേറ്റമായിരുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ വലിയ വിജയത്തെത്തുടര്‍ന്ന് രണ്ടാംഭാഗമായ എംപുരാനും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28നായിരുന്നു ലൂസിഫറിന്‍റെ റിലീസ്.

click me!