
കൊച്ചി: മലയാള സിനിമാ മേഖലയിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട. 50% പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. ഇക്കാര്യം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര അറിയിച്ചു.
അമ്മയുടെ നേതൃയോഗം കൊച്ചിയിൽ തുടങ്ങി: മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്നു
കൊവിഡിനെത്തുടര്‍ന്നുണ്ടായ സമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേ സമയം താരസംഘടനയായ അമ്മയുടെ നേതൃയോഗം കൊച്ചിയിൽ നടക്കുന്നുണ്ട്. നിരവധി വിവാദ വിഷയങ്ങൾ മുന്നിൽ നിൽക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ സംഘടന നേതൃയോഗം ചേരുന്നത്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഇന്ന് ചേരുന്ന നേതൃയോഗം ചര്‍ച്ച ചെയ്യും.