കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. നിരവധി വിവാദ വിഷയങ്ങൾ മുന്നിൽ നിൽക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ സംഘടന നേതൃയോഗം ചേരുന്നത്. ലോക്ക് ഡൗണിൽ ചെന്നൈയിൽ കുടുങ്ങിയ അമ്മ അധ്യക്ഷൻ മോഹൻലാലിന് ഇതുവരേയും തിരിച്ചെത്താൻ സാധിക്കാത്തതിനാൽ വീഡിയോ കോൺഫറൻസ് വഴിയാവും അദ്ദേഹം ച‍ർച്ചകളിൽ പങ്കുചേരുക. 

നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയിൽ കേസ്, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നി‍ർമ്മാതാക്കളുടെ ആവശ്യം, സിനിമയിൽ ഉയർന്നു വരുന്ന താരങ്ങളെ ഒതുക്കാൻ കോക്കസ് പ്രവ‍ർത്തിക്കുന്നുണ്ടെന്ന് നടൻ നീരജ് മാധവിൻ്റെ ആരോപണം, സിനിമ ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ തുടങ്ങി​ നിരവധി ​ഗൗരവ വിഷയങ്ങളിൽ അമ്മയുടെ ഔദ്യോ​ഗിക അഭിപ്രായവും പ്രതികരണവും ഇന്നറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ വിഷയങ്ങളും ഇന്നത്തെ നേതൃയോ​ഗം ചർച്ച ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാൻ നിർമാതാക്കളും ഫെഫ്കയും ഉന്നയിച്ച നി‍ർദേശങ്ങളും ആവശ്യങ്ങളും യോ​ഗം ചർച്ച ചെയ്യുമെന്ന് അമ്മ വൈസ് പ്രസി‍ഡിൻ്റും എംഎൽഎയുമായ ഗണേഷ് കുമാ‍ർ അറിയിച്ചു.