
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി നവാഗതനായ സുധീഷ് മോഹൻ സംവിധാനം ചെയ്തു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മദനോത്സവം. ഏപ്രിൽ പതിനാലിന് വിഷു റീലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദനോത്സവം ഒരു കോമഡി എന്റർടൈനറാണ്.
സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആക്ഷേപ ഹാസ്യ രൂപേണ കഥ പറയുന്ന മദനോത്സവം വിഷു ചിത്രങ്ങളിൽ വച്ച് ഏറ്റവും മികച്ച അഭിപ്രായമാണ് നേടിയത്. മദനൻ മഞ്ഞക്കാരൻ എന്ന രാഷ്ട്രീയക്കാരനായി ബാബു ആന്റണി ചിത്രത്തിലെത്തുമ്പോൾ, കോഴിക്ക് കളർ അടിച്ചു വിൽക്കുന്ന മദനനെ സുരാജ് വെഞ്ഞാറമൂടും അവതരിപ്പിക്കുന്നു. ഒരു തിരഞ്ഞെടുപ്പിനിടെ സ്ഥാനാർഥിയായ മദനൻ മഞ്ഞക്കാരന്റെ അപരനായി സുരാജ് അവതരിപ്പിക്കുന്ന മദനൻ എത്തുകയും അതിനു ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങളുമെല്ലാം ചേർന്നാണ് മദനോത്സവത്തിന്റെ കഥ ഇതൾ വിരിയുന്നത്. കുടുംബ പ്രേക്ഷകരുടെ സാനിധ്യം ചിത്രത്തിന് വലിയ രീതിയിലുള്ള പിന്തുണ തീയേറ്ററുകളിൽ നൽകുന്നുണ്ട്.
ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന നോവലൈറ്റാണ് 'മദനോത്സവ'ത്തിന് ആധാരം. 'ന്നാ താന്‍ കേസ് കൊട്' അടക്കുള്ള ഹിറ്റുകളുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് 'മദനോത്സവ'ത്തിന്റെ തിരക്കഥ എഴുതിയത്. പ്രദേശികവും ഭാഷാപരവുമായുള്ള ഘടകങ്ങൾ ചേർത്തൊരുക്കിയ സംഭാഷങ്ങണൾ ആദ്യന്തം തീയേറ്ററുകളിൽ ചിരിയലകൾ സൃഷ്ടിക്കുന്നുണ്ട്. മദനൻമാർ മാത്രമല്ല ക്വട്ടേഷന്‍ സഹോദരങ്ങളായ 'ശങ്കരന്‍ നമ്പൂതിരി'യായി രാജേഷ് മാധവനും 'അച്യുതന്‍ നമ്പൂതിരി'യായി രഞ്‌ജി കാങ്കോലും ചിണ്ടളേപ്പനായി എത്തിയ കുഞ്ഞികൃഷ്ണൻ മാഷും ബൂസ്റ്റ് മോഹനനായ സുമേഷ് ചന്ദ്രനും അലീസായി എത്തിയ ഭാമ അരുൺ തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങളും അവ അവതരിപ്പിച്ച താരങ്ങളുമെല്ലാം കൈയടി നേടുകയാണ്. കോമഡി ചിത്രങ്ങൾ വളരെ കുറച്ചു മാത്രമേ പുറത്തിറങ്ങുന്നുള്ളു എന്ന പ്രേക്ഷക സമൂഹത്തിന്റെ പരാതിക്കുള്ള ഉറച്ച മറുപടി കൂടെയാണ് മദനോത്സവം.
ALSO READ : എങ്ങനെയുണ്ട് സല്‍മാന്‍റെ പുതിയ വരവ്? 'കിസീ കാ ഭായ് കിസീ കി ജാന്‍' ആദ്യ പ്രതികരണങ്ങള്‍