
സുരാജ് വെഞ്ഞാറമൂടും ബാബു ആന്‍റണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മദനോത്സവം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു. യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മറ്റൊരു സംവിധായകനുവേണ്ടി ആദ്യമായി ഒരുക്കുന്ന തിരക്കഥയാണ് മദനോത്സവത്തിന്‍റേത്. രതീഷിന്‍റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് പൂജ, സ്വിച്ചോണ്‍ ചടങ്ങുകള്‍ നടന്നത്.
തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ മുഖ്യാതിഥി ആയ ചടങ്ങിൽ നിർമ്മാതാക്കളായ അജിത് വിനയക ഫിലിംസ് ഉടമ വിനായക അജിത് സ്വിച്ചോണ്‍ നിർവ്വഹിച്ചു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു. പ്രശസ്ത കഥാകൃത്ത് ഇ സന്തോഷ് കുമാറിന്‍റെ കഥയെ ആസ്പദമാക്കിയാണ് രതീഷ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വന്‍ പ്രേക്ഷക സ്വീകാര്യത നേടിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം രതീഷ് ഒരുക്കുന്ന തിരക്കഥ കൂടിയാണിത്.
രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷെഹ്‍നാദ് ജലാൽ ആണ് ഛായാഗ്രാഹകന്‍. ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ് കെ, പ്രൊഡക്ഷൻ ഡിസൈന്‍ ജ്യോതിഷ് ശങ്കർ, എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, വരികള്‍ വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ആർ ജി വയനാടൻ, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഒ പ്രതീഷ് ശേഖർ. കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.