മദ്രാസ് ഹൈക്കോടതി ശകാരിച്ചസംഭവം : രജനികാന്തിന്റെ പ്രതികരണം

By Web TeamFirst Published Oct 15, 2020, 12:43 PM IST
Highlights

മദ്രാസ് ഹൈക്കോടതി രജനികാന്തിനെ താക്കീത് ചെയ്‍തിരുന്നു.

കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ രജനികാന്തിന് മദ്രാസ് ഹൈക്കോടതി താക്കീത് ചെയ്‍തിരുന്നു. അനുഭവം നല്ല പാഠമാകുമെന്നാണ് രജിനികാന്ത് ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ധൃതി പിടിച്ച് കോടതിയെ സമീപിച്ച് സമയം പാഴാക്കുന്നതിന് ഫീസ് ഈടാക്കുമെന്ന് കോടതി താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. രജനികാന്ത് ഹര്‍ജി പിൻവലിക്കുകയും ചെയ്‍തിരുന്നു.
കോടതിയിൽ പോകാതെ നികുതി ഒഴിവാക്കണമെന്ന് ചെന്നൈ കോർപ്പറേഷനോട് വീണ്ടും അഭ്യർത്ഥിക്കുമെന്നാണ് രജനികാന്ത് ഇപ്പോള്‍ പറയുന്നത്.

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വസ്‍തു നികുതി കുടിശ്ശികയായി  6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോർപറേഷൻ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് എതിരെയാണ് രജനികാന്ത് ഹൈക്കോടതിയിലെത്തിയത്.  ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. സമയം പാഴാക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്. കോടതി താക്കീത് നല്‍കിയതോടെ രജനികാന്ത് ഹര്‍ജി പിൻവലിച്ചു. ചെലവ് സഹിതം പരാതി തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

രജനികാന്തിന്റെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പറേഷൻ അധികൃതരോട് നിര്‍ദേശിക്കുന്നതല്ലാതെ മറ്റ് ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്ന് ജസ്റ്റിസ് അനിത സുമന്ത ചോദിച്ചിരുന്നു.

കോര്‍പറേഷൻ അധികൃതര്‍ക്ക് രജനികാന്ത് നിവേദനം നല്‍കിയത് കഴിഞ്ഞ മാസം 23ന് ആണ്. മറുപടിക്ക് കാക്കാതെ തിടുക്കത്തില്‍ രജനികാന്ത് എത്തിയതാണ് കോടതിയെ ചൊടുപ്പിച്ചത്.

click me!