Mahaan Aaudience Review : വിക്രത്തിന്‍റെ തിരിച്ചുവരവ്? 'മഹാന്‍' ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍

Published : Feb 10, 2022, 10:19 AM IST
Mahaan Aaudience Review : വിക്രത്തിന്‍റെ തിരിച്ചുവരവ്? 'മഹാന്‍' ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍

Synopsis

'ഐ'ക്ക് ശേഷം വിക്രത്തിന് കാര്യമായ വിജയങ്ങള്‍ ഉണ്ടായിരുന്നില്ല

ചെയ്യുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി ഏതളവു വരെയും പരിശ്രമിക്കുന്ന താരമാണ് വിക്രം (Vikram). പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാര്യമായി ശ്രദ്ധ നല്‍കുന്ന ആളാണ് അദ്ദേഹം. പക്ഷേ പന്‍ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന വിക്രം ചിത്രങ്ങള്‍ പലപ്പോഴും മികച്ച പ്രതികരണം നേടാറില്ല എന്നതാണ് വസ്‍തുത. പക്ഷേ അന്ന്യനും ഐയുമൊക്കെപ്പോലെ കോളിവുഡിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളും സ്വന്തം ക്രെഡിറ്റിലുള്ള ആളാണ് അദ്ദേഹം. ഷങ്കറിന്‍റെ സംവിധാനത്തില്‍ 2015ല്‍ പുറത്തെത്തിയ ഐക്കു ശേഷം വിക്രത്തിന് ബോക്സ് ഓഫീസില്‍ പറയത്തക്ക വിജയങ്ങള്‍ ഇല്ല. എന്നാല്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഇന്നലെ രാത്രിയെത്തിയ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം മഹാന്‍ (Mahaan) മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടുന്നത്.

വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം എന്നതായിരുന്നു മഹാന്‍റെ യുഎസ്‍പി. കാര്യമായ ശ്രദ്ധ ലഭിക്കാതെപോല കഴിഞ്ഞ ചിത്രം ജഗമേ തന്തിരത്തിനു ശേഷമുള്ള കാര്‍ത്തിക് സുബ്ബരാജിന്‍റെ തിരിച്ചുവരവ് ചിത്രമെന്നാണ് മഹാനെക്കുറിച്ചുള്ള പല പ്രേക്ഷക പ്രതികരണങ്ങളും. ഒപ്പം തങ്ങളുടെ പ്രിയതാരം ചിയാന്‍ വിക്രത്തിന്‍റെ തിരിച്ചുവരവാണെന്നും ട്വിറ്ററില്‍ സിനിമാപ്രേമികള്‍ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നുണ്ട്. ശാരീരികമായ മേക്കോവര്‍ അല്ലാതെ വിക്രത്തിലെ അഭിനേതാവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജെന്ന് ആ പ്രതീക്ഷ വിക്രം കാത്തെന്നും ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ട്വീറ്റ് ചെയ്‍തു.

സൂരറൈ പോട്ര് സൂര്യയുടെ തിരിച്ചുവരവ് ആയിരുന്നെങ്കില്‍ മാനാട് ചിലമ്പരശന്‍റെ തിരിച്ചുവരവ് ആയിരുന്നെങ്കില്‍ മഹാന്‍ വിക്രത്തിന്‍റെ തിരിച്ചുവരവാണെന്ന് ഒരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്യുന്നു. ഒരു അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്റര്‍ ആയി രൂപാന്തരപ്പെടുന്ന ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദാദ എന്നാണ് ധ്രുവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ബോബി സിംഹ, സിമ്രാന്‍, വാണി ഭോജന്‍, സാനന്ദ്, വേട്ടൈ മുത്തുകുമാര്‍, ദീപക് പരമേഷ്, ആടുകളം നരേന്‍, ഗജരാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ശ്രയസ് കൃഷ്‍ണയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് വിവക് ഹര്‍ഷന്‍, സംഗീതം സന്തോഷ് നാരായണന്‍, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം ദിനേശ് സുബ്ബരായന്‍.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു