
ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യതാരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. ഈ സീരിയൽ കണ്ടാണ് റാഫിയുടെ മുൻഭാര്യ മഹീന മുന്ന, താരത്തെ ഇഷ്ടപ്പെട്ടതു തന്നെ. ഇവരുടെ വിവാഹചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ റാഫിയുമായി വേർപിരിഞ്ഞ കാര്യവും മഹീന അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോൾ ദുബായിലാണ് മഹീന ജോലി ചെയ്യുന്നത്. എങ്ങനെയാണ് ദുബായിൽ വന്നതെന്നും ആദ്യശമ്പളത്തെക്കുറിച്ചുമൊക്കെയാണ് മഹീന പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.
''ദുബായിലേക്ക് ജോലിക്ക് ശ്രമിക്കാൻ ആദ്യം എന്നോട് പറഞ്ഞത് റാഫിയാണ്. എനിക്കും കൂടി താൽപര്യമുള്ളതുകൊണ്ടാണ് യുഎഇയിലേക്ക് ജോലിക്കായി വന്നത്. ദുബായിൽ വന്നിട്ട് രണ്ട് വർഷമായി. ഞാൻ ഒറ്റമോളാണ്. അതുകൊണ്ട് തന്നെ ഇവിടെ വന്നു ജോലി ചെയ്യാൻ ഉമ്മ സമ്മതിക്കില്ലായിരുന്നു.
പിന്നീട് കുറേ നിർബന്ധിച്ചപ്പോൾ ഉമ്മ എന്റെ ഇഷ്ടത്തിന് ഒപ്പം നിന്നു. രണ്ട് മാസത്തെ വിസിറ്റിങ് വിസയിലാണ് വന്നത്. വന്ന സമയത്ത് യുഎഇ എന്ന രാജ്യത്തെക്കുറിച്ചോ ജോലി എങ്ങനെ അന്വേഷിക്കണം, ഏത് ജോലി ചെയ്യണം എന്നതിനെ കുറിച്ചൊന്നും അറിവില്ലായിരുന്നു. ബികോം ഫിനാൻസിൽ എനിക്ക് ഡിഗ്രിയുണ്ട്. അക്കൗണ്ട്സിൽ കേറാനാണ് ആദ്യം പലരും സജസ്റ്റ് ചെയ്തത്. പക്ഷേ ഏതെങ്കിലും ജോലിക്ക് കയറുക എന്നതിലുപരി എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ആത്മസംതൃപ്തി വേണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.
നാട്ടിൽ വെച്ച് ഞാൻ മേക്കപ്പ് പഠിച്ചിരുന്നു. അതുകൊണ്ട് തന്നെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യാൻ താത്പര്യം തോന്നി. അതിനുള്ള അവസരം സലൂണുകളിൽ അന്വേഷിച്ചു. ഷാർജയിലാണ് ഇപ്പോൾ ഞാൻ താമസിക്കുന്നത്. മെട്രോ ഉപയോഗിക്കാൻ പോലും പഠിച്ചത് ദുബായിൽ വന്നശേഷമാണ്. സലൂണിൽ ആദ്യം മാനേജറായിട്ടാണ് ജോലി ചെയ്തത്. 1500 ദർഹമായിരുന്നു എനിക്ക് ആദ്യം കിട്ടിയ ശമ്പളം'' മഹീന പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക