
മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആശങ്കയോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമാലോകം കേട്ടത്. എന്നാല്‍ ചികിത്സകള്‍ക്കിപ്പുറം അദ്ദേഹം പൂര്‍ണ്ണസൗഖ്യം വീണ്ടെടുത്തതായ വിവരം അദ്ദേഹത്തിനൊപ്പമുള്ളവര്‍ കഴിഞ്ഞ മാസം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവരെ ആനന്ദിപ്പിക്കുന്ന മറ്റൊരു വിവരവും ഇന്ന് പുറത്തെത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലേക്ക് അദ്ദേഹം ഉടന്‍ എത്തുന്നു എന്നതാണ് അത്. മഹേഷ് നാരായണന്‍റെ ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രമായ പാട്രിയറ്റിന്‍റെ ചിത്രീകരണത്തിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക. ഇപ്പോഴിതാ മമ്മൂട്ടിയുടെ തിരിച്ചുവരവ് നല്‍കുന്ന സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കിടുകയാണ് മഹേഷ് നാരായണന്‍.
“മമ്മൂക്ക തിരിച്ചുവരുന്നതില്‍ വലിയ സന്തോഷം. തിരിച്ചുവരിക എന്ന് വച്ചാല്‍ ഞങ്ങളെ സംബന്ധിച്ച് അദ്ദേഹം ഇതില്‍ത്തന്നെ ആയിരുന്നു. ഒരു ചെറിയ ഇടവേള അദ്ദേഹം എടുത്തു. ജീവിതത്തിലെ ഒരു ചെറിയ ഘട്ടം. അത് കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുന്നു നമുക്ക് വേണ്ടിയിട്ട്. അതില്‍ സന്തോഷം. മലയാള സിനിമയുടെ രണ്ട് നെടുംതൂണുകള്‍ എന്ന് പറയുന്നത് മമ്മൂക്കയും ലാല്‍സാറും ആണ്. അവരെ നമുക്ക് ഒരിക്കലും ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത വരിക എന്ന് പറഞ്ഞാല്‍ നമ്മളെ ഒക്കെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമാണ്. ഒരുപാട് ആളുകളുടെ പ്രാര്‍ഥനയുണ്ട് ഇതിനകത്ത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പിന്തുണയും അദ്ദേഹത്തിന്‍റെ തന്നെ ആത്മവിശ്വാസവുമൊക്കെ ഇതില്‍ പ്രധാനമായിരുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം തിരിച്ചുവരുന്നത്. ഞങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ റെഡി ആയിട്ട് ഇരിക്കുകയാണ്, മഹേഷ് നാരായണന്‍ പറഞ്ഞു. പാട്രിയറ്റിന്‍റെ റിലീസിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മഹേഷിന്‍റെ മറുപടി ഇങ്ങനെ- റിലീസ് എപ്പോഴെന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഷൂട്ടിംഗ് തീര്‍ത്തിട്ടേ ബാക്കിയുള്ള പ്രഖ്യാപനങ്ങളിലേക്ക് വരാന്‍ സാധിക്കൂ”, മഹേഷ് നാരായണന്‍ പറയുന്നു.
പാട്രിയറ്റ് ദില്ലി ലൊക്കേഷനില്‍ വച്ചാണ് മമ്മൂട്ടിയുടെ രോഗബാധ തിരിച്ചറിയുന്നത്. പൂര്‍ണ്ണ ആരോഗ്യവാനായി ആദ്യം ആ സിനിമയുടെ ചിത്രീകരണത്തിനാണ് അദ്ദേഹം ജോയിന്‍ ചെയ്യുന്നത് അന്ന പ്രത്യേകതയുമുണ്ട്. ഒക്ടോബര്‍ ഒന്നിന് പാട്രിയറ്റിന്‍റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത്. 15 മുതല്‍ സിനിമയുടെ ചിത്രീകരണം ലണ്ടനിലേക്ക് ഷിഫ്റ്റ് ചെയ്യും. അതിന് ശേഷം നടക്കുന്ന കൊച്ചി ഷെഡ്യൂളില്‍ മോഹന്‍ലാലിനൊപ്പമാവും മമ്മൂട്ടി അഭിനയിക്കുക.