
കണ്ണൂര്‍ സ്ക്വാഡ് തിയറ്ററുകളില്‍ വലിയ വിജയം നേടുമ്പോള്‍ മമ്മൂട്ടിയുടേതായി അടുത്ത് എത്താനിരിക്കുന്ന റിലീസുകളിലൊന്ന് തെലുങ്കില്‍ നിന്നാണ്. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ആണ് അത്. യാത്രയില്‍ വൈഎസ്ആറിനെ അവതരിപ്പിച്ച മമ്മൂട്ടി രണ്ടാം ഭാഗത്തിലും ഉണ്ടെങ്കിലും അതിഥിവേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇരുചിത്രങ്ങളുടെയും സംവിധായകനായ മഹി വി രാഘവ് യാത്രയെക്കുറിച്ച് പറഞ്ഞ ഒരു കമന്‍റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തെക്കുറിച്ച് തനിക്ക് തോന്നിയ ഏറ്റവും വലിയ ഖേദത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.
യാത്രയിലെ സൂക്ഷ്മമായ ചില മാസ് ഘടകങ്ങളെക്കുറിച്ചും അത്തരം രംഗങ്ങളെക്കുറിച്ചുമുള്ള ഒരു പോസ്റ്റ് എക്സില്‍ വന്നിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇതിന്‍റെ കമന്‍റ് ബോക്സിലാണ് സംവിധായകന്‍ മഹി വി രാഘവ് പ്രതികരണവുമായി എത്തിയത്. അനസൂയ ഭരദ്വാജ് അവതരിപ്പിച്ച ഗൌരു ചരിത റെഡ്ഡി മമ്മൂട്ടിയുടെ വൈഎസ്ആറിനെ കണ്ടശേഷം ഒരു ജീപ്പില്‍ സഞ്ചരിക്കുന്ന സീന്‍ ഉണ്ട് ചിത്രത്തില്‍. അവരുടെ സുരക്ഷയ്ക്കായി തന്‍റെ ഒരു സഹായിയെയും ഒപ്പം അയയ്ക്കുന്നുണ്ട് വൈഎസ്ആര്‍. വഴിയെ ഇവരെ തടയാനായി ആളുകള്‍ നില്‍ക്കുമ്പോള്‍ ഒപ്പമുള്ള സഹായിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഇടപെടലിലൂടെ അപകടം ഒഴിവായി പോകുന്നതാണ് സീന്‍.
എന്നാല്‍ ഈ സീന്‍ ഇതിലും ഏറെ ഗംഭീരമാക്കാവുന്ന ഒന്നായിരുന്നെന്ന് പറയുന്നു മഹി വി രാഘവ്. "തിരക്കഥ അനുസരിച്ച് ആ ജീപ്പിലുള്ള ആള്‍ വളരെ മെലിഞ്ഞ, പൊക്കം കുറഞ്ഞ ഒരാള്‍ ആയിരുന്നു. ഒരു കാലിന് പോളിയോ ബാധിച്ച ഒരാളുമായിരുന്നു അത്. ജീപ്പിലുള്ള ആ ആളിനെക്കുറിച്ചാണ് യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഏറ്റവും വലിയ ഖേദം", മഹി വി രാഘവ് കുറിച്ചു. അതേസമയം യാത്ര 2 ഫെബ്രുവരി 8 ന് തിയറ്ററുകളില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക