Major Movie : മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറഞ്ഞ ചിത്രം; 'മേജര്‍' ഒടിടിയില്‍

By Web TeamFirst Published Jun 30, 2022, 5:16 PM IST
Highlights

തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും.

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍റെ (Sandeep Unnikrishnan) ജീവിതം ആസ്‍പദമാക്കിയ ചിത്രം മേജറിന്റെ (Major) ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും.

ശശികിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്‍ണനായി എത്തിയത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ.  ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍. അദിവി ശേഷിന്‍റെ അദിവി എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. 

The untold story of a son. The untold story of a father. The untold story of a SOLDIER. 🇮🇳🪖

Major is coming to Netflix on 3rd July in Telugu, Hindi and Malayalam! pic.twitter.com/1ngxcOciuQ

— Netflix India South (@Netflix_INSouth)

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോ ആയിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു. 

click me!