ഷാരൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിൽ; 'റോക്കട്രി' ജൂലൈ ഒന്നിന് റിലീസ്

By Web TeamFirst Published Jun 30, 2022, 5:01 PM IST
Highlights

നാല് വർഷങ്ങൾക്ക് ശേഷം 'ബോളിവുഡ് ബാദ്ഷ' ഷാരുഖ് ഖാൻ വെള്ളിത്തിരയിൽ തിരികെയെത്തുന്നു. ആർ. മാധവൻ സംവിധാനം ചെയ്യുന്ന റോക്കട്രിയിലൂടെയാണ് തിരിച്ചുവരുവ്. നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമയിൽ 'എസ്.ആർ.കെ'യുടെത് നിർണായക വേഷം.

ബോളിവുഡ് ബാദ്ഷ ഷാരുഖ് ഖാൻ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. ജൂലായ് ഒന്നിന് റിലീസ് ചെയ്യുന്ന റോക്കട്രി സിനിമയുടെ ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. 1288 ദിവസങ്ങൾക്ക് ശേഷമാണ് ഷാരുഖ് ഖാൻ അഭിനയിച്ച ഒരു സിനിമ റിലീസിനൊരുങ്ങുന്നത്. 2018 ൽ റിലീസ് ചെയ്ത സീറോ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. 

നടൻ സൂര്യയാണ് തമിഴ് തെലുങ്കു പതിപ്പിൽ ഷാരുഖിന്റെ റോളിൽ എത്തുന്നത്. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആർ. മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി. മാധവൻ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. 

നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആർ. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. 'വിജയ് മൂലൻ ടാക്കീസി'ന്റെ ബാനറിൽ 'ഓട് രാജാ ഓട്' എന്ന തമിഴ് ചിത്രമായിരുന്നു ആദ്യ സംരംഭം.

ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്.

ചാരക്കേസ് ചർച്ചയായ നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു. 

ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവച്ചു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മലയാളി സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

റോക്കട്രി: ദ് നമ്പി എഫക്റ്റിന്റെ മലയാളം ട്രെയിലറും പുറത്തിറങ്ങി.

click me!