
ഇന്ത്യയുടെ അഭിമാനമായ ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തിയുള്ള മേജർ രവി ചിത്രം 'പഹൽഗാം - ഓപ്പറേഷന്‍ സിന്ദൂ'റിന്റെ ചിത്രീകരണം പൂർത്തിയായി. കശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണമാണ് വിജയകരമായി പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
പ്രധാന ഔട്ട്ഡോർ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഘട്ടത്തിലുള്ള ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ നിർണായക രംഗങ്ങൾ ഉൾപ്പെടെയുള്ള ഈ ഷെഡ്യൂൾ പൂർത്തിയായതോടെ, തുടർഘട്ട ചിത്രീകരണത്തിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ മേജർ രവിയും സിനിമയുടെ നിർമ്മാതാക്കളും ചേർന്നുള്ള പഹൽഗാമിൽ നിന്നുള്ള ചിത്രം ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. ''പഹൽഗാമിൽ, ഇവിടെയാണ് കഥ തുടങ്ങുന്നത്'' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് അടുത്തിടെയാണ് നടന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ന്റെ ബാനറിൽ , നിർമ്മാതാവ് അനൂപ് മോഹൻ ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലെ പ്രധാന ഒമ്പത് ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. 'കീർത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്നേഹ സിനിമകളിലൂടെ ശ്രദ്ധേയനായ മേജർ രവി തന്‍റെ അതുല്യമായ യാഥാർത്ഥ്യബോധവും സിനിമാറ്റിക് കാഴ്ചപ്പാടും 'പഹൽഗാം' മുഖേന വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.