
ഹൈദരാബാദ്: ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലി, തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്. "ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്—ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു." - രാജമൗലി പറഞ്ഞു.
പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് രാജമൗലി ഈ വാക്കുകൾ പറഞ്ഞത്."എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു. എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു" - രാജമൗലി കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍റെ ഈ പ്രസ്താവന വലിയ ആശയക്കുഴപ്പത്തിനും വിമർശനത്തിനും ഇടയാക്കി. 'ആർആർആർ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി. "ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് 'വാരണാസി' എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല" - ഒരാൾ കമന്‍റ് ചെയ്തു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ടൈറ്റില്‍ ടീസര്‍ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.