ചിലർ വിങ്ങൽ ഉള്ളിലടക്കി, കണ്ണീരടക്കാനാകാതെ മറ്റുചിലർ; ഇന്നസെന്റിന് മലയാള സിനിമയുടെ വിട

By Web TeamFirst Published Mar 27, 2023, 11:05 AM IST
Highlights

കടവന്ത്ര  ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ പൊതുദർശനം ഇപ്പോൾ നടക്കുന്നത്.

ലയാള സിനിമയുടെ ഉള്ളുലച്ച് കൊണ്ടാണ് നടൻ ഇന്നസെന്റ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശാസിപ്പിച്ചും ഒപ്പം നിന്ന പ്രിയ സഹപ്രവർത്തകൻ, സുഹൃത്ത് ഇനിയൊപ്പം ഇല്ലാ എന്നത് മലയാള സിനിമാ മേഖലയ്ക്ക് തന്നെ വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്നസെന്റിന്റെ മരണ വാർത്ത അറിഞ്ഞ് ലേക്ക്ഷോർ ആശുപത്രിയിൽ സിനിമാതാരങ്ങൾ ഉൾപ്പെടുള്ളവർ എത്തിച്ചേർന്നിരുന്നു. ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിച്ച പൊതുദർശനത്തിലും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് കടന്നുവരുന്നത്. 

കടവന്ത്ര  ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ പൊതുദർശനം ഇപ്പോൾ നടക്കുന്നത്. പ്രിയ സഹ പ്രവർത്തകനെ കാണാനായി നിരവധി സിനിമാ പ്രവർത്തകരാണ് ഇവിടെ എത്തിച്ചേരുന്നത്. പലരും വിങ്ങലുകൾ ഉള്ളിലൊതുക്കി. പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. എന്തിനും ഏതിനും ഒപ്പം നിന്ന ഇന്നച്ചൻ ഇനി ഇല്ല എന്നത് ഓരോരുത്തരുടെയും ഉള്ളിൽ വലിയ നോവ് ഉണർത്തുകയാണ്. 

11 മണിവരെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുക എന്നാണ് വിവരം. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

46 വർഷം, സുഖത്തിലും ദുഃഖത്തിലും ചേർത്ത് നിർത്തിയ സ്നേഹം, ഒടുവിൽ ആലീസിനെ തനിച്ചാക്കി ഇന്നച്ചൻ പോയി

ഇന്നലെ രാത്രി 10. 30യോടെ ആണ് ഇന്നസെന്‍റ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. 

click me!