
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിനെതിരെ വീണ്ടും വിനയൻ. മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ കൂടി പുറത്തുവിട്ടു. ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള അവാർഡിന്‍റെ തെരഞ്ഞെടുപ്പിൽ രഞ്‍ജിത്ത് ഇടപെട്ടുവെന്ന് ജെൻസി ഗ്രിഗറി പറയുന്ന ശബ്ദ രേഖയാണ് പുറത്തുവന്നത്. നേരത്തെ ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖയും വിനയൻ പുറത്തുവീട്ടിരുന്നു.
ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനെതിരായ വിനയന്‍റെ പരാതികൾ തള്ളി സാംസ്ക്കാരിക മന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാൻ രജ്ഞിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിട്ടില്ലെന്നും അവാർഡിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറ്റൊരു ജൂറി അംഗത്തിന്റെ ശബ്ദരേഖ കൂടി വിനയന്‍ പുറത്തുവിട്ടത്. രജ്ഞിത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വിനയൻ വ്യക്തമാക്കി. വിനയന് എഐവൈഎഫ് പിന്തുണ പ്രഖ്യാപിച്ചു. വിനയന്‍റെ പത്തൊമ്പാതാം നൂറ്റാണ്ട് സിനിമയെ ബോധപൂർവ്വം രഞ്ജിത്ത് തഴഞ്ഞുവെന്ന ആക്ഷേപം ശക്തമാകുമ്പോഴും രഞ്ജിത് പ്രതികരിച്ചിട്ടില്ല.
'രഞ്‍ജിത്താണ് മറുപടി പറയേണ്ടത്', അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് വിനയൻ
വിനയന്‍റെ ഫോസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചർച്ച.. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്കാരികമന്ത്രി ഇന്നു സംശയ ലേശമെന്യേ മാദ്ധ്യമങ്ങളോടു പറയുകേം ചെയ്തു..ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരു ഓൺലൈൻ മാദ്ധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്..
ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാഡു നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ് .. കേട്ടു കെൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർ മാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്.. അതാണിവിടുത്തെ പ്രശ്നവും..അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിൻെറ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്..അധികാരദുർവിനിയോഗം ആണ് ഈ ഇടപെടൽ അതിനാണ് മറുപടി വേണ്ടത്..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ