സ്റ്റിൽ യങ് ആൻഡ് വൈബിങ്; 70ന്റെ നിറവിൽ നടൻ ജ​ഗദീഷ്

Published : Jun 26, 2025, 09:06 AM ISTUpdated : Jun 26, 2025, 09:18 AM IST
Jagadish

Synopsis

സപ്തതി നിറവില്‍ മലയാളത്തിന്‍റെ ജഗദീഷ്. 

ജ് ഇന്‍ റിവേഴ്സ് ഗിയർ, ഈ വാക്ക് മലയാള സിനിമയിൽ വളരെയധികം ഇണങ്ങുന്നൊരു നടനാണ് ജ​ഗദീഷ്. മലയാളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഒരുരൂപമാണ്, ഒരേ പ്രകൃതമാണ് ജഗദീഷിന്. കാഴ്ചപ്പാടുകൊണ്ടും നിലപാടുകള്‍ കൊണ്ടും സിനിമയ്ക്ക് അകത്തും പുറത്തും വ്യത്യസ്ഥനായ പ്രിയ നടന്‍ 70ന്‍റെ നിറവില്‍ എത്തിയിരിക്കുകയാണ്. ഹരിഹർ നഗറിലെ അപ്പുക്കുട്ടനെയും ഗോഡ്ഫാദറിലെ മായിന്‍കുട്ടിയെയും ഈ ഏഴുപതാം വയസിലും പുനരവതരിപ്പിക്കാന്‍ ജഗദീഷിന് നിഷ്പ്രയാസം കഴിയും. സഹനടനായി, ഹാസ്യനടനായി, നായകനായി, വില്ലനായി അങ്ങനെ പോയ പതിറ്റാണ്ടുകളില്‍ മലയാളികൾക്ക് മാറ്റിവയ്ക്കാനാകാത്ത ശീലമായി ജദീഷ് മാറി.

അധ്യാപകനായ അച്ഛന്റെ ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു പി വി ജ​ഗദീഷ് കുമാറിന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തിന്റെ അല്ലലുകള്‍ മറികടക്കാന്‍ പഠനം മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിഞ്ഞ സാധാരണക്കാരില്‍ സാധാരണക്കാരനായി അയാൾ വളർന്നു. നന്നായി പഠിച്ചു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായി ബാങ്ക് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതവും തുടങ്ങി. പിന്നീട് കോളേജ് അദ്ധ്യാപകനായി.

ആ ക്ലാസ്മുറി വിട്ട് തീയേറ്ററിലെ വെള്ളിത്തിരയിലേക്ക് ജദ​ഗീഷ് എത്തുന്നത് 1984ലാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലുടെ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നാലെ 1990ൽ സിദ്ദീഖ്- ലാൽ കൂട്ടുകെട്ടിലിറങ്ങിയ ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ വൻ വഴിത്തിരിവായി. ഒരു കോളേജ് അധ്യാപകനാണ് ഈ മണ്ടന്‍ കളിക്കുന്നതെന്ന് സിനിമയെ കുറിച്ച് അറിയാത്ത അമ്മമാർ പോലും മക്കളോട് വിവരിച്ച കാലമായിരുന്നു അത്.

മിമിക്‌സ് പരേഡിലൂടെയാണ് ജ​ഗദീഷ് നായകനായി വേഷമിടുന്നത്. കാസര്‍കോട് കാദര്‍ഭായ്, കുണുക്കിട്ട കോഴി, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, ജൂനിയർ മാന്‍ഡ്രേക്ക്, സ്ഥലത്തെ പ്രധാന പയ്യന്‍സ്, സ്ത്രീധനം തുടങ്ങി 100 ദിനവും കടന്നോടിയ ഹിറ്റുകളുടെ നീണ്ടനിര. 400 സിനിമകള്‍ പിന്നിട്ടിട്ടും ഇതുവരെ ഒരു സംസ്ഥാന അവാർഡ് ആ കയ്യില്‍ എത്തിയിട്ടില്ല എന്നതും മലയാളത്തിന്റെ നഷ്ടമാണ്. അഭിനയത്തിനൊപ്പം കഥയും തിരക്കഥയുമായി പിന്നെയും നീണ്ടു ജ​​ഗദീഷിന്റെ സിനിമാജീവിതം. ഇന്ന് വ്യത്യസ്തവും ക്യാരക്ടർ റോളുകളും ചെയ്ത് മലയാളികളെ അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം. 2016ല്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി ജ​ഗദീഷ് മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. ഇതോടെ സജീവരാഷ്ട്രീയം നടൻ അവസാനിപ്പിച്ചു.

ജഗദീഷിന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ നെടുതൂണായി ഭാര്യ ഡോ.രമ ഉണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ആത്മബന്ധമായിരുന്നു ഇരുവരുടേയും. രമയുടെ വേർപ്പാടില്‍ ഉള്ളുലഞ്ഞ ജഗദീഷിന്റെ മുഖം മലയാളിക്കും വലിയ നോവായി. ഭാര്യ ഡോക്ടറായിരുന്നു, മക്കള്‍ ഡോക്ടർമാരാണ്. സിനിമയിലൂടെ ഇന്നും നല്ല വരുമാനം. അപ്പോഴും ആർഭാടങ്ങള്‍ തൊട്ടുതീണ്ടാത്ത, വേഷവിധാനങ്ങളില്‍ സാധാരണത്വം പാലിക്കുന്ന, തട്ടുകടയില്‍ പോയി ഭക്ഷണം കഴിക്കുന്ന, ആരോടും പരാതിയും പരിഭവവും പറയാതെ, തന്റെ ബോധ്യങ്ങളില്‍ ഉറച്ചുനിന്ന് പറയേണ്ടത് മാത്രം പറയുന്ന, ഒരു മാരുതി വാഗണറില്‍ നിറചിരിയോടെ ഇന്നും കറങ്ങുന്ന നിത്യഹരിത നടനായി മലയാളത്തിന്റെ ജ​ഗദീഷ് മുന്നോട്ട്.

PREV
Read more Articles on
click me!

Recommended Stories

'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്
കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു