ഹിറ്റ് പാട്ടെഴുത്തുകാരൻ; ജനപ്രിയമായ പൂവച്ചൽ ശൈലി, സിനിമാലോകത്ത് നിറഞ്ഞ് നിന്നത് നാലുപതിറ്റാണ്ട്

By Web TeamFirst Published Jun 22, 2021, 7:48 AM IST
Highlights

ആർദ്രമായ പ്രണയത്തെ അതിമനോഹരമായി തന്നെ പകർത്തുന്നതായിരുന്നു എന്നും പൂവച്ചൽ ശൈലി. 70 കളിൽ തുടങ്ങി 90 കളുടെ മധ്യം വരെ സിനിമാപ്പാട്ടെഴുത്തിൽ അജയ്യനായി ഖാദർ.

തിരുവനന്തപുരം: സംഗീതാസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹിറ്റ് സിനിമാപ്പാട്ടുകളുടെ ശില്‍പ്പിയായിരുന്നു പൂവച്ചൽ ഖാദ‍ർ. നാല് പതിറ്റാണ്ട് നിറഞ്ഞുനിന്ന ഖാദർ 1200 ലേറെ ഗാനങ്ങളാണെഴുതിയത്. 82 ൽ ഇറങ്ങിയ ഭരതന്‍റെ പാളങ്ങളിലെ 'ഏതോ ജന്മകല്പനയിൽ' എന്ന പാട്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. ജോൺസൺ മാഷിന്‍റെ സംഗീതത്തോടൊപ്പം ഹൃദയത്തോട് ചേർന്ന് നിൽക്കും വരികളും വർഷങ്ങൾക്കിപ്പുറം പുതുതലമുറ പോലും പാട്ട് നെഞ്ചേറ്റാൻ കാരണമായി. സാധാരണക്കാരെ പോലും എളുപ്പം സ്വാധീനിക്കുന്ന പാട്ടുകളായിരുന്നു പൂവച്ചൽ ഖാദർ എന്നുമെഴുതിയത്.

ആർദ്രമായ പ്രണയത്തെ അതിമനോഹരമായി തന്നെ പകർത്തുന്നതായിരുന്നു എന്നും പൂവച്ചൽ ശൈലി. 70 കളിൽ തുടങ്ങി 90 കളുടെ മധ്യം വരെ സിനിമാപ്പാട്ടെഴുത്തിൽ അജയ്യനായി ഖാദർ. സംഗീതമൊരുക്കാൻ ശ്യാമും എടി ഉമ്മറും രവീന്ദ്രനുമൊക്കെ മാറിമാറി വരുമ്പോഴും ഗാനരചന പൂവച്ചൽ ഖാദർ എന്ന പ്രയോഗം സിനിമാ പിന്നണി ഗാനരംഗത്ത് വർഷങ്ങളായി നിലനിന്നു.

1948 ൽ തിരുവനന്തപുരത്തിനടുത്ത് പൂവച്ചലിലാണ് ജനനം. പൊളിടെക്നിക് പഠനശേഷം ഓവർസീയർ ജോലിയിൽ കോഴിക്കോട്ടെത്തിയതോടെയാണ് ഖാദറിന്‍റെ ജീവിതം വഴിമാറുന്നത്. ബാബുരാജ്, കെ രാഘവൻ അടക്കമുള്ള കോഴിക്കോടൻ സംഗീത കൂട്ടായ്മയാണ് ഖാദറിലെ പാട്ടെഴുത്തുകാരനെ പുറത്തുകൊണ്ടുവന്നത്. 72 ൽ ഇറങ്ങിയ കവിത എന്ന സിനിമക്ക് വേണ്ടി ആദ്യമായി പാട്ടെഴുതി. 73 ലെ കാറ്റ് വിതച്ചവൻ ചിത്രം ഖാദറിന് ആദ്യ ബ്രേക്ക് നൽകി. അതിലെ  'നീയെന്‍റെ പ്രാർത്ഥന കേട്ടു' എന്നത് ഇന്നും പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനമാണ്.

ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത ഉത്സവവാണ് പൂവച്ചൽ ഖാദറിന്‍റെ ജീവിതത്തിലെ വഴിത്തിരിവായത്. ഉത്സവത്തിലെ ഖാദറിന്‍റെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് പൂവച്ചൽ ഖാദർ വർഷങ്ങളോളം തീർത്തത് ജനപ്രിയ ഗാനങ്ങളുടെ പുതുവസന്തം. ഈണത്തിനനുസരിച്ചുള്ള പാട്ടെഴുത്തിൽ പൂവച്ചൽ ഖാദർ കാണിച്ചത് നല്ലമിടുക്കായിരുന്നു. ആധുനികകാല പാട്ടെഴുത്തുകാരുടെ വരവോടെ ഖാദർ മെല്ലെ പിൻവലിഞ്ഞു. റീമിക്സ് കാലത്ത് പുതുസംഗീതജ്ഞർ പരീക്ഷണങ്ങൾക്കായി ഏറ്റവുമധികം കൈവെച്ചതും ഖാദറിന്‍റെ ഹിറ്റുകൾ.

നാലുപതിറ്റാണ്ട് പാട്ടെഴുതി, എഴുതിയതേറെയും സൂപ്പർ ഹിറ്റുകൾ. പക്ഷെ അവാർഡുകളൊന്നും പൂവച്ചൽ ഖാദറിനെ തേടിയെത്തിയില്ല. അവാർഡിനെക്കാളൊക്കെ വലുതല്ലേ ജനം എന്‍റെ പാട്ട് പാടുന്നതെന്നായിരുന്നു സങ്കടമില്ലാതെ ഖാദർ എന്നും പറഞ്ഞ മറുപടി. 

-

click me!