
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന്‍റെ സിനിമാ മേഖലയിലെ ബന്ധങ്ങളിൽ പൊലീസിനും ഞെട്ടൽ. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണിൽ ബന്ധപ്പെട്ടത്. ഒരു സംവിധായകനെയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം.
സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്നാണ് താരങ്ങൾ പൊലീസിന് മറുപടി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. റിൻസിയെ നാളെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
സിനിമാ മേഖലയിലെ പ്രമുഖർക്ക് റിൻസി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിൻസി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളും പൊലീസിന് കിട്ടി. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിൻസി ലഹരിക്കച്ചവടത്തിനായി തന്‍റെ ബന്ധങ്ങൾ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. നിലവില്‍ റിമാന്‍ഡിലാണ് റിന്‍സി.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സർ കൂടിയായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് പൊലീസ് പറയുന്നത്. പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു പ്രധാന ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെയാണ് പല കണ്ണികളിലേക്കും പൊലീസ് എത്തിയത്.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘം റിൻസിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരിൽ പ്രധാനിയാണ് യാസർ അറഫാത്ത്. കുറേ നാളുകളായി യാസറിന് പിന്നാലെയുള്ള ഡാൻസാഫ് കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് റിൻസി മുംതാസ് പിടിയിലായത്. എംഡിഎംഎയുമായി യാസർ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്ന റിൻസിയുടെ ഫോണും പരിശോധിച്ചു. വാട്ട്സാപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകൾ കണ്ടെത്തി.ഇടപാടുകാർ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ ഉപയോഗിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ