സമീപകാലത്ത് ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ജയറാമിന്‍റെ ഏറ്റവും പുതിയ ചിത്രം ‘ആശകള്‍ ആയിരം’ ഇന്ന് തിയറ്ററുകളില്‍ എത്തി
ഒരുകാലത്ത് പ്രേക്ഷകരെ രസിപ്പിച്ച നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച നടനാണ് ജയറാം. എന്നാല്‍ സമീപകാലത്ത് മലയാളത്തില്‍ അത് അപൂര്‍വ്വമായേ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളൂ. എന്നാല്‍ സിനിമകളുടെ തെരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകള്‍ മനസിലാക്കി ഏറെ ശ്രദ്ധാപൂര്‍വ്വമാണ് മലയാളത്തില്‍ അദ്ദേഹം പുതിയ സിനിമകള്‍ തെരഞ്ഞെടുക്കാറ്. 2000 ന് ശേഷം മൂന്ന് മലയാള സിനിമകളിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. ഇതില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‍ലര്‍ എന്ന ചിത്രം വിജയമായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ജി പ്രജിത്ത് സംവിധാനം ചെയ്ത ആശകള്‍ ആയിരം എന്ന ചിത്രമാണ് അത്. ജയറാമിന്‍റെ സ്ട്രോംഗ് ഏരിയയായ ഫാമിലി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞപ്പോള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിന്‍റേജ് ജയറാം തിരിച്ചെത്തി എന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധക കമന്‍റുകള്‍. ഹരിഹരന്‍ എന്നാണ് ആശകള്‍ ആയിരത്തില്‍ ജയറാം അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹരിഹരന് ശേഷവും ഈ വര്‍ഷം തന്‍റേതായി ഇനിയും മനോഹരമായ കഥാപാത്രങ്ങള്‍ വരാനുണ്ടെന്ന് ജയറാം പറഞ്ഞിരുന്നു. പല ഭാഷകളിലായി നാല് ചിത്രങ്ങളാണ് ജയറാമിന്‍റേതായി ഈ വര്‍ഷം ഇനിയും എത്താനിരിക്കുന്നത്.
ജയറാം പറയുന്നു
അതേക്കുറിച്ച് ജയറാം തന്നെ പറയുന്നത് ഇങ്ങനെ- “മാധവന്‍ സാറിനൊപ്പം ജിഡിഎന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ജി ഡി നായിഡുവിന്‍റെ ജീവചരിത്ര ചിത്രമാണ് അത്. ജി ഡി നായിഡുവായി അദ്ദേഹമാണ് അഭിനയിച്ചിരിക്കുന്നത്. നേരെ ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രം അദ്ദേഹത്തിനൊപ്പം ഞാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനീളമുള്ള കഥാപാത്രമാണ് അത്. മനോഹരമായ കഥാപാത്രം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയേക്കും. പിന്നെ നാഗ ചൈതന്യയ്ക്കൊപ്പം തെലുങ്കില്‍ ഒരു ചിത്രം വരാനുണ്ട്. അതിന്‍റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതിലും എന്‍റേത് മനോഹരമായ കഥാപാത്രമാണ്. ശിവണ്ണയ്ക്കൊപ്പം ഒരു കന്നഡ പടവും വരാനുണ്ട്. അത് വന്‍ കോമഡി പടമാണ്. തമിഴില്‍ നിന്ന് ധനുഷ് സാറിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് മറ്റൊന്ന്. വേല്‍സ് ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന കര എന്ന സിനിമയാണ് അത്”, ജയറാം പറഞ്ഞവസാനിപ്പിക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറയുന്നത്. ക്യാരക്റ്റര്‍ റോളുകളില്‍ സ്ഥിരമായി എത്തി മറുഭാഷാ പ്രേക്ഷകരുടെയും പ്രീതി നേടുകയാണ് മലയാളത്തിന്‍റെ ജയറാം.


