
'മാളികപ്പുറം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേവനന്ദ മികച്ചൊരു വേഷവുമായി വീണ്ടും എത്തുന്നു. സംവിധാനം നവാഗതനായ മനു. തിരക്കഥയും മനുവിന്റേതാണ്. ഹൊറർ സൂപ്പർ നാച്വറൽ ഴോണറിലുള്ള ചിത്രത്തിന് 'ഗു' എന്നാണ് പേരിട്ടിരിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ 'മുന്ന' അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. തറവാട്ടിൽ മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് തറവാട്ടിലേക്ക് ഇവര്‍ എത്തുന്നത്. ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി. 'മുന്ന'യ്‍ക്ക് ഇത് ഏറെ ആശ്വാസകരമായി. ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ഹൊറര്‍ ചിത്രം കടന്നു ചെല്ലുന്നത്. കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ് പരിഹാരം കണ്ടെത്തുന്നത്. ഇതുകൊണ്ടുതന്നെ മനുവിന്റെ സംവിധാനത്തിലുള്ള കുട്ടികളുടെ ഹൊറർ ചിത്രമായി 'ഗു'വിനെ വിശേഷിപ്പിക്കാം. ഇവിടെ 'മുന്ന'യെ യെദേവനന്ദ അവതരിപ്പിക്കുന്നു. സൈജു കുറുപ്പാണ് 'മുന്ന'യുടെ അച്ഛനാകുന്നത്. അശ്വതി മനോഹരൻ 'മുന്ന'യുടെ അമ്മയായെത്തുന്നു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിര്‍മിക്കുന്നു. ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി ചിത്രത്തിനായി മൂന്നു ദിവസത്തെ അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവനന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ്, ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്‍സൽ ക്യാമ്പില്‍ പങ്കെടുത്തത്.
രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്‍ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഗുവില്‍ അണിനിരക്കുന്നുണ്ട്. സംഗീതം ജോനാഥൻ ബ്രൂസ് ആണ്. ചന്ദ്രകാന്ത് മാധവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
Read More: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ 'ജയിലര്‍', ആദ്യ ദിനം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക