40 രാത്രികള്‍, 3000 'പടയാളികള്‍', ആകെ ചെലവ് 50 കോടി: 'മാമാങ്ക'ത്തെക്കുറിച്ച് പത്മകുമാര്‍

By Web TeamFirst Published Oct 13, 2019, 1:44 PM IST
Highlights

കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു.
 

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന്റെ സംവിധാന ചുമതല അപ്രതീക്ഷിതമായാണ് എം പത്മകുമാറിനെ തേടിയെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്റെ പിന്നണിയില്‍ വേണ്ടിവന്ന അധ്വാനത്തെക്കുറിച്ചും ആകെ ചെലവിനെക്കുറിച്ചും പറയുകയാണ് അദ്ദേഹം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മകുമാര്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറയുന്നത്.

'ഈ സിനിമയില്‍ രണ്ട് കാലഘട്ടങ്ങളിലെ മാമാങ്കങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചി മരടില്‍ മാമാങ്ക വേദിയുടെ സെറ്റ് ഇട്ടായിരുന്നു ചിത്രീകരണം. മാമാങ്കം 40 രാത്രികള്‍ കൊണ്ടാണ് ചിത്രീകരിച്ചത്. കൂടുതല്‍ ദൃശ്യമികവിന് വേണ്ടി രാത്രിയിലാണ് മുഴുവന്‍ രംഗങ്ങളും എടുത്തത്. ആ 40 രാത്രികള്‍ വലിയ വെല്ലുവിളിയായിരുന്നു. 3000 പടയാളികളാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചത്. വിഎഫ്എക്‌സ് സാങ്കേതികവിദ്യയിലൂടെ ഇത് 30,000 ആയിമാറും', പത്മകുമാര്‍ പറയുന്നു.

മാമാങ്കം രാത്രിയില്‍ ചിത്രീകരിക്കണമെങ്കില്‍ രാവിലെ മുതല്‍ പടയാളികള്‍ക്ക് മേക്കപ്പ് തുടങ്ങണമായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. '10 മേക്കപ്പ്മാന്‍മാര്‍ ചേര്‍ന്നാണ് 3000 പേരെ ഒരുക്കിയത്. രാത്രി ഏഴിന് തുടങ്ങുന്ന ചിത്രീകരണം വെളുപ്പിന് അഞ്ചിനാണ് അവസാനിച്ചിരുന്നത്.' ചിത്രം റിലീസ് ചെയ്യുമ്പോള്‍ 50 കോടിയോളം രൂപ ചെലവ് വരുമെന്നും പത്മകുമാര്‍ പറയുന്നു.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും തന്റെ കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം പകരുന്നത്. തമിഴ് ഡബ്ബിംഗില്‍ അദ്ദേഹത്തെ സഹായിക്കാന്‍ തമിഴ് സംവിധായകന്‍ റാം കൊച്ചിയില്‍ എത്തിയിരുന്നു. ഏരീസ് വിസ്മയ സ്റ്റുഡിയോയിലാണ് ഡബ്ബിംഗ് പുരോഗമിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പീരീഡ് ചിത്രമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

click me!