'സുഡാനി'ക്ക് ശേഷം സക്കരിയ; 'ഹലാല്‍ ലൗ സ്‌റ്റോറി' വരുന്നു

By Web TeamFirst Published Oct 13, 2019, 12:33 PM IST
Highlights

വലിയ പ്രേക്ഷകപ്രീതിയും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു സക്കരിയയുടെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയ.
 

പ്രേക്ഷകപ്രീതിയും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. 'ഹലാല്‍ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവരാണ് നിര്‍മ്മാണം.സക്കരിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളുമാകുന്നു. 'സുഡാനി'യിലേത് പോലെതന്നെ മുഹ്‌സിനും സക്കരിയയും ചേര്‍ന്നാണ് എഴുത്ത്. ഛായാഗ്രഹണം അജയ് മേനോന്‍.എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം ബിജിബാല്‍, ഷഹബാസ് അമന്‍. കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. 

സക്കരിയ മുഹമ്മദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു സുഡാനി ഫ്രം നൈജീരിയ. 2018ലെ മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. അരവിന്ദന്‍ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, മോഹന്‍ രാഘവന്‍ അവാര്‍ഡ് എന്നിവയും നേടി. ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളസിനിമയ്ക്കുള്ള ഫിപ്രെസ്‌കി പുരസ്‌കാരം, സൈമ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, സിപിസി സിനി അവാര്‍ഡ് എന്നിവയും നേടി. റഷ്യയിലെയും മൊറോക്കോയിലെയും അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 

click me!