ക്രിട്ടിക്സ് ചോയ്‍സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മമ്മൂട്ടി, വിജയ് സേതുപതി നടന്മാര്‍, പാര്‍വ്വതി നടി

By Web TeamFirst Published Mar 28, 2020, 9:35 PM IST
Highlights

കുമ്പളങ്ങി നൈറ്റ്സിന് രണ്ട് പുരസ്കാരങ്ങളുണ്ട്. മലയാളത്തിലെ മികച്ച ചിത്രവും മികച്ച രചനയും (ശ്യാം പുഷ്‍കരന്‍).

ക്രിട്ടിക്സ് ചോയ്‍സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത 'ഉണ്ട'യിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‍കാരത്തിന് അര്‍ഹനാക്കിയത്. പാര്‍വ്വതിയാണ് മലയാളത്തിലെ മികച്ച നടി. ചിത്രം 'ഉയരെ'. വൈറസ് സംവിധാനം ചെയ്‍ത ആഷിക് അബുവാണ് മികച്ച മലയാള സംവിധായകന്‍. 

കുമ്പളങ്ങി നൈറ്റ്സിന് രണ്ട് പുരസ്കാരങ്ങളുണ്ട്. മലയാളത്തിലെ മികച്ച ചിത്രവും മികച്ച രചനയും (ശ്യാം പുഷ്‍കരന്‍). വിജയ് സേതുപതിയാണ് തമിഴിലെ മികച്ച നടന്‍. ചിത്രം സൂപ്പര്‍ ഡീലക്സ്. ആടൈയിലെ അഭിനയത്തിന് അമല പോളിനെ തമിഴിലെ മികച്ച നടിയായും തിരഞ്ഞെടുത്തു. സൂപ്പര്‍ ഡീലക്സ് ഒരുക്കിയ ത്യാഗരാജന്‍ കുമാരരാജയാണ് മികച്ച തമിഴ് സംവിധായകന്‍. മികച്ച ചിത്രത്തിനും രചനയ്ക്കുമുള്ള പുരസ്കാരങ്ങളും സൂപ്പര്‍ ഡീലക്സിന് തന്നെ. ഒപ്പം എല്ലാ ഭാഷകളിലെ ചിത്രങ്ങളും പരിഗണിച്ചുള്ള മൂവി ഓഫ് ദി ഇയര്‍ പുരസ്കാരവും സൂപ്പര്‍ ഡീലക്സിന് തന്നെ. 

ഹിന്ദിയില്‍ മികച്ച നടനുള്ള പുരസ്കാരം രണ്‍വീര്‍ സിംഗിനാണ് (ഗല്ലി ബോയ്). ഗീതിക വിദ്യ അഹിയാനാണ് മികച്ച ഹിന്ദി നടി (ചിത്രം: സോണി). ഹിന്ദിയിലെ മികച്ച ചിത്രവും ഗല്ലി ബോയ് തന്നെ. ജഴ്‍സിയിലെ അഭിനയത്തിന് നാനിയാണ് തെലുങ്കിലെ മികച്ച നടന്‍. ഓ ബേബിയിലെ പ്രകടനത്തിന് സാമന്ത അക്കിനേനി തെലുങ്കിലെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

വിസ്റ്റാസ് മീഡിയ ക്യാപിറ്റലിന്‍റെ സഹകരണത്തോടെ ഫിലിം ക്രിട്ടിക്സ് ഗില്‍ഡും മോഷന്‍ കണ്ടന്‍റ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്കാരങ്ങളാണ് ക്രിട്ടിക്സ് ചോയ്‍സ് ഫിലിം അവാര്‍ഡ്‍സ്. ഗുജറാത്തി, ബംഗാളി, മറാത്തി, കന്നഡ സിനിമകളിലെ മികവുകള്‍ക്കും പുരസ്കാരങ്ങളുണ്ട്. 

click me!