നരസിംഹം മുതൽ ക്യാപ്റ്റൻ വരെ, മമ്മൂട്ടിയുടെ അതിഥി വേഷങ്ങൾ

By Web TeamFirst Published Sep 7, 2021, 9:42 AM IST
Highlights

നായകനല്ല അതിഥി വേഷത്തിലുള്ള ചിത്രമായാലും മമ്മൂട്ടി കയ്യടി വാങ്ങിയേ മടങ്ങൂ.

കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുമാറി  അഞ്ച് പതിറ്റാണ്ടായി സജീവമാണ് മമ്മൂട്ടി. തന്റെ അഭിനയസിദ്ധിയും സ്വരഗാംഭീര്യവും കൊണ്ട് ഓരോ കഥാപാത്രത്തിനും പൂര്‍ണത നല്‍കിയ ഈ അഭിനേതാവ് എന്നും പുതുമയുടെ സഹയാത്രികനാണ്.  20-ാം വയസ്സിൽ ആദ്യമായി സിനിമാ ക്യാമറയുടെ മുന്നിലെത്തി, ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അൻപത് വർഷങ്ങളിലധികമായി മമ്മൂട്ടി ചലച്ചിത്രലോകത്ത് മുൻനിരയിലെ ഇരിപ്പടത്തിലുണ്ട്. പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ അതിഥിതാരമായെത്തിയും മമ്മൂട്ടി ആരാധക ഹൃദയം കീഴടക്കി. സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രങ്ങളായിരുന്നു അവയിൽ ഏറെയും. എഴുപതാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടി അനശ്വരമാക്കിയ ഏതാനും ചില അതിഥി വേഷങ്ങള്‍ ഓര്‍മയിലേക്ക്.

നന്ദഗോപാൽ മാരാര്‍ (നരസിംഹം, 2000)

പ്രേക്ഷകര്‍ അത്രമേല്‍ ഇഷ്‍ടപ്പെട്ട, കയ്യടിച്ച, ആര്‍പ്പുവിളിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ നരസിംഹം. ചിത്രത്തില്‍ വളരെ കുറച്ച് മിനിറ്റുകള്‍ മാത്രമേ ഉള്ളുവെങ്കിലും തന്‍റെ രംഗങ്ങള്‍ തകര്‍ത്തുവാരി മമ്മൂട്ടി. അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍ എന്ന അതിഥി വേഷമായിരുന്നു താരം ഇതിൽ കൈകാര്യം ചെയ്‍തത്. ഒരുപക്ഷേ മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ അതിഥി വേഷങ്ങളില്‍ ഒന്ന് എന്ന വിശേഷണവും ഈ കഥാപാത്രത്തിന് തന്നെയാണ്. 'മാരാര്‍ ഇരിക്കുന്ന തട്ട്' പോലുള്ള കിണ്ണം കാച്ചിയ ഡയലോഗുകള്‍ തിയേറ്ററില്‍ വൻ ഹര്‍ഷാരവം ആണ് സൃഷ്ടിച്ചത്.

'രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോഴാണ് നന്ദഗോപാല്‍ മാരാര്‍ എന്ന കരുത്തനായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചിന്ത വന്നത്. സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തില്‍ ചിന്തിച്ചു. ഒടുവില്‍ മമ്മൂട്ടിയില്‍ എത്തുക ആയിരുന്നു', എന്നാണ് ഒരു അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞത്. ചിത്രത്തിലെ അടിപ്പൊളി കോടതി മുറി വിസ്‍താരവും ഇംഗ്ലീഷ് ഡയലോഗുകളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന മമ്മൂട്ടി കഥാപാത്രമാണ്.

ബാലചന്ദ്രൻ (ഗാന്ധിനഗര്‍ സെക്കന്റ് സ്‍ട്രീറ്റ് ,1986)

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്‍ട്രീറ്റ്. മോഹന്‍ലാല്‍, സീമ, ശ്രീനിവാസന്‍, തിലകന്‍, ഇന്നസെന്റ്, കെ പി എ സി ലളിത, സുകുമാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിൽ നഴ്‍സറി ടീച്ചറായി എത്തുന്ന സീമ (നിർമല)യുടെ ഭർത്താവായാണ് മമ്മൂട്ടി എത്തുന്നത്. ബാലചന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ആദ്യം മുതൽ ദുബായിൽ ജോലി ചെയ്യുന്ന ബാലചന്ദ്രൻ അവസാന ഭാഗത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.

ഗോപിനാഥ് (കയ്യെത്തും ദൂരത്ത് ,2002)

ഫഹദ് ഫാസിലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്‍ത ചിത്രമാണ് കയ്യെത്തും ദൂരത്ത്. നികിത, സുധീഷ്, രേവതി, സിദ്ധിഖ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍, രാജന്‍ പി ദേവ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമായ ഇത് വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. മമ്മൂട്ടിയും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. അഭിഭാഷക കഥാപാത്രമായാണ് താരം സിനിമയിൽ എത്തിയത്. ഗോപിനാഥ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമ പരാജയമായിരുന്നുവെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അശോക് രാജ്  (കഥ പറയുമ്പോള്‍ 2007)

ശ്രീനിവാസന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയിൽ ഒരുങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 2007ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ. ഇന്നസെന്റ്, മീന, ശ്രീനിവാസൻ, മുകേഷ്, ജഗദീഷ്, സലീം കുമാർ തുടങ്ങി വൻതാര നിര അണിനിരന്ന ചിത്രത്തിൽ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തിയിരുന്നു. അശോക് രാജ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്.

ഒരുമിച്ച് സ്‍കൂളിൽ പഠിച്ച ബാലനും(ശ്രീനിവാസൻ) അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ ചിത്രത്തിന്റേത്.  വർഷങ്ങൾക്ക് ശേഷം ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടിയുടെ അശോക് രാജ് മേലുക്കാവ് എന്ന ഗ്രാമത്തിലേക്ക് വരുന്നു. ഗ്രാമത്തിൽ ഒരു ബാർബർ ഷോപ്പ് നടത്തുകയാണ്‌ ബാലൻ. ബാലനും അശോക്‌രാജും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പിന്നീട് ഗ്രാമത്തിലാകെ പരക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള അശോക് രാജും ബാലനും തമ്മിലുള്ള കഥ പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഈ സന്ദർഭത്തെ തനിമയൊട്ടും ചോരാതെ തന്നെ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.

ക്യാപ്റ്റൻ (20018)

പ്രജേഷ് സെനിന്റെ സംവിധാനത്തിലെ  ചിത്രമാണ് 2018ലെ ക്യാപ്റ്റൻ. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി പി.സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് ജയസൂര്യ ആയിരുന്നു. അനു സിത്താര, സിദ്ദിഖ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ് തുടങ്ങിയവർക്കൊപ്പം മമ്മൂട്ടിയും ചിത്രത്തിൽ അഭിനയിച്ചു. അതിഥി വേഷത്തിലായിരുന്നു താരം എത്തിയത്.  

മമ്മൂട്ടിയായി തന്നെയാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. പതിറ്റാണ്ട് മുന്‍പ് ഒരു വിമാനതാവളത്തില്‍ നടന്ന കൂടികാഴ്‍ചയില്‍ വി പി സത്യനോട് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞ വാക്കുകള്‍ അതേരീതിയിൽ സംവിധായകന്‍ ആവിഷ്‍കരിക്കുക ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

click me!