
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മമ്മൂട്ടി. അവാർഡ് നേടിയ ഷംല ഹംസ, സൗബിൻ ഷാഹിർ, ആസിഫ് അലി, ടൊവിനോ തോമസ്,സിദ്ധാർഥ് ഭരതൻ, ജ്യോതിർമയി, ദർശന, ചിദംബരം തുടങ്ങീ എല്ലാവർക്കും മമ്മൂട്ടി ആശംസകൾ അറിയിച്ചു. ഭ്രമയുഗം പോലെയൊരു സിനിമ തനിക്ക് സമ്മാനിച്ച ടീമിനോടും മമ്മൂട്ടി നന്ദി അറിയിച്ചു. കൊടുമൺ പോറ്റിയെ വളരെയധികം സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം സമർപ്പിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനായിരുന്നു മമ്മൂട്ടിക്ക് ഇത്തവണത്തെ മികച്ച നടനുള്ള സാസംഥാന പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമടക്കം പത്ത് പുരസ്‍കാരങ്ങൾ വാരിക്കൂട്ടി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി നിന്നത്.
'കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് അവാഹിച്ച് കൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്, താരപദവിയും പ്രതിച്ഛയായും മറന്ന്, ഉടലിനെ അഭിനയ പരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായക വേഷത്തിന്റെ പകർന്നാട്ട പൂർണതയ്ക്ക് ആണ് പുരസ്കാരം' എന്നായിരുന്നു ജൂറിയുടെ പരാമർശം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും മമ്മൂട്ടിയ്ക്ക് പുരസ്കാരമായി ലഭിക്കും.
കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നവംബർ 27ന് ചിത്രം തിയറ്ററുകളിൽ എത്തും. വില്ലൻ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പകർന്നാട്ടത്തിന്റെ മറ്റൊരു വേഷപ്പകർച്ചക്കായി കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ