
കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം വൈക്കം ചെമ്പിൽ നടക്കും.
എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മയാണെന്നാണ് മമ്മൂട്ടി തന്നെ സ്വന്തം മാതാവിനെക്കുറിച്ച് നേരത്തെ എഴുതിയിട്ടുള്ളത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു തൊണ്ണൂറ്റിമൂന്നുകാരിയായ ഫാത്തിമ ഇസ്മായേൽ. കൊച്ചി ഇളങ്കുളത്തെ വീട്ടിൽ മമ്മൂട്ടിയ്ക്കൊപ്പമുണ്ടായിരുന്നു കഴിഞ്ഞ കുറേനാളുകളായി. രണ്ട് ദിവസം മുമ്പാണ് ആരോഗ്യസ്ഥിതി മോശമായത്. ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.
Also Read: 'സിനിമയിൽ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും'; അമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മമ്മൂട്ടിയുൾപ്പെടെ ആറ് മക്കളുണ്ട്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിം കുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്ദിരൂരിൽ ജനിച്ച ഫാത്തിമ ഇസ്മായേൽ വിവാഹശേഷമാണ് വൈക്കം ചെമ്പിലെത്തിയത്. മമ്മൂട്ടിയുടെ പിതാവ് ഇസ്മായേൽ പാണംപറപ്പിൽ പത്ത് വർഷം മുമ്പാണ് മരിച്ചത്.