
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ്‌ലിങ്ങ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്ത പച്ച- റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടങ്കിലും റസ്‌ലിങ്ങ് കോച്ച് ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ യുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിഥി വേഷമാണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
ഹൈദരാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ ചെയ്ത മമ്മുട്ടി അവിടുത്തെ ഭാഗങ്ങൾ പൂർത്തിയാക്കി ദുബായിലേക്കാണ് പോയത്. ദുബായിൽ നിന്നും നേരെ യു.കെ.യിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണൻ ചിത്രത്തിൽ വീണ്ടും ജോയിൻ ചെയ്യും. അതിനു ശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം ചത്താ പച്ചയിൽ അഭിനയിക്കുമെന്നാണറിയാൻ കഴിഞ്ഞത്. ഈ ചിത്രത്തിൻ്റെ മറ്റു ഭാഗങ്ങൾ മുഴുവനും പൂർത്തിയാക്കിയിരുന്നു. മമ്മൂട്ടി അഭിനയിക്കുന്ന പോർഷനോടെ ചത്താ പച്ച പൂർത്തിയാകും.
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ - ഇഹ്സാൻ - ലോയ് ടീം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. പാൻ ഇന്ത്യൻ റെസ്‌ലിംഗ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
ഛായാഗ്രഹണം - ആനന്ദ് സി ചന്ദ്രൻ, സംഗീതം -ശങ്കർ - ഇഹ്സാൻ - ലോയ്, എഡിറ്റർ- പ്രവീൺ പ്രഭാകർ, ബിജിഎം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റ്യൂം- മെൽവി, മേക്കപ്പ്- റോണെക്സ് സേവ്യർ, ആർട്ട്- സുനിൽ ദാസ്, സ്റ്റണ്ട്- കലൈ കിങ്സ്റ്റൺ, സൗണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർഥ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കളറിസ്റ്റ്- ശ്രിക് വാര്യർ, വിഎഫ്എക്സ്- വിശ്വ എഫ്എക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, സ്റ്റോറീസ് സോഷ്യൽ, സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, ഡിസൈൻസ് - യെല്ലോ ടൂത്സ്, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.