ഇപ്പോള്‍ ഇങ്ങനെ വന്നിരുന്ന് കരയണമെങ്കില്‍ ഈ മൂന്ന് വര്‍ഷക്കാലം ഞാനെത്രമാത്രം അനുഭവിച്ചിരിക്കും എന്ന് മനസിലാക്കുക.
സീരിയൽ രംഗത്തു നിന്നും തനിക്കെതിരെ ഉണ്ടാകുന്ന വ്യാജപ്രചാരണങ്ങൾ താങ്ങാനാകുന്നില്ലെന്ന് കരഞ്ഞുപറഞ്ഞ് നടി അശ്വതി രാഹുൽ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീലിലാണ് അശ്വതിയും ഭർത്താവും നടനും കൂടിയായ രാഹുലും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. രാഹുല്‍ ഒരു പ്രൊജക്ടില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു. അശ്വതി കാരണമാണ് രാഹുലിനെ മാറ്റിയത്, മറ്റൊരു നടിക്കൊപ്പം അഭിനയിക്കാന്‍ അശ്വതി രാഹുലിനെ അനുവദിക്കില്ല, സെറ്റുകളില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നൊക്കെ ആരോക്കെയോ പ്രചരിപ്പിക്കുന്നതായി ഇരുവരും മുൻപ് പറഞ്ഞിരുന്നു.
''ഇതൊക്കെ വിട്ടുകളയണ്ടേ, ചെറിയ കാര്യമല്ലേ, ബോള്‍ഡ് ആകൂ എന്നൊക്കെ പലരും പറയുന്നുണ്ട്. വളരെ ചെറിയ പ്രായത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണ് ഞാന്‍. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയെയും അനിയനെയും നോക്കിയതൊക്കെ ഞാനാണ്. ആ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ വന്നിരുന്ന് കരയണമെങ്കില്‍ ഈ മൂന്ന് വര്‍ഷക്കാലം ഞാനെത്രമാത്രം അനുഭവിച്ചിരിക്കും എന്ന് മനസിലാക്കുക. മാനസികമായി തകര്‍ന്നു, ഇനിയെനിക്ക് പറ്റില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ എന്റെ ഭര്‍ത്താവിനെയും അമ്മയെയും നോക്കണം'', എന്നാണ് അശ്വതി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
''അശ്വതി പോകുന്ന സെറ്റുകളില്‍ നിന്ന് എല്ലാവരും ഇത് ചോദിച്ചുകൊണ്ട് മാനസികമായി തകര്‍ക്കുകയാണ്. എന്റെ ഭാര്യ എന്നെ ജോലിക്ക് വിടുന്നില്ല പിടിച്ചു വയ്ക്കുകയാണ് എന്നൊക്കെ പറഞ്ഞ് കുത്തിക്കുത്തി നോവിക്കുകയാണ്. ഇത് കേള്‍ക്കുന്നവര്‍ക്ക് ഒരു പ്രശ്‌നവും തോന്നില്ല, പക്ഷേ കേട്ടുകൊണ്ടേയിരിക്കുന്നവരുടെ അവസ്ഥ മനസിലാകില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി എന്റെ ഭാര്യ ഈ ട്രോമയിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീ എന്ന നിലയിലുള്ള പല മൂഡ് സ്വിങ്‌സുകളും അവള്‍ക്കുണ്ട്, അതിനൊപ്പമാണ് നിരന്തരം കുത്തി നോവിച്ചുകൊണ്ടുള്ള ഇത്തരം ചോദ്യങ്ങൾ. ഈ ഇൻഡസ്ട്രിയിൽ നിന്ന് ഞങ്ങള്‍ക്കിനി വര്‍ക്ക് വേണ്ട, മറ്റേതെങ്കിലും ഇൻഡസ്ട്രിയിൽ ഉണ്ടെങ്കില്‍ മതി. ഞാനൊരു എഞ്ചിനീയറാണ്, അശ്വതി ഡോക്ടറേറ്റ് എടുത്തതാണ്. ഞങ്ങള്‍ക്ക് പറ്റുന്ന വേറെന്തെങ്കിലും പണിയെടുത്ത് ജീവിച്ചോളാം. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ'', എന്നാണ് രാഹുൽ വീഡിയോയിൽ പറയുന്നത്.
