'വച്ചിരിക്കുന്നത് എന്‍ 95 മാസ്‍ക് അല്ലെന്നുപറഞ്ഞ് 500 രൂപ പിഴ'; ദുരനുഭവം പങ്കുവച്ച് നടന്‍ മണികണ്ഠന്‍ പട്ടാമ്പി

By Web TeamFirst Published Jun 23, 2021, 6:35 PM IST
Highlights

"പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവർ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല"

കൊവിഡ്‍കാല നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ പേരില്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അനീതിയെക്കുറിച്ച് പറഞ്ഞ് നടന്‍ മണികണ്ഠന്‍ പട്ടാമ്പി. തൊട്ടടുത്തുള്ള കടയിലേക്ക് പോകാന്‍ സത്യവാങ്മൂലം എഴുതിയില്ലെന്ന കാരണത്താല്‍ തടഞ്ഞുനിര്‍ത്തിയ തന്നെ വച്ചിരിക്കുന്ന മാസ്‍ക് യഥാര്‍ഥത്തില്‍ എന്‍ 95 അല്ല എന്നുപറഞ്ഞ് 500 രൂപ പിഴയടപ്പിച്ചുവെന്ന് മണികണ്ഠന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മണികണ്ഠന്‍റെ പ്രതികരണം.

മണികണ്ഠന്‍ പട്ടാമ്പി പറയുന്നു

പലതും നടപ്പിലാകുന്ന വഴി....! കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോൾ പൊലീസ് തടഞ്ഞു. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം, സംശയമില്ല. സത്യവാങ്മൂലം എഴുതി കയ്യിൽ വച്ചില്ല എന്നതാണ് ചെയ്ത കുറ്റം. ശിക്ഷിക്കപ്പെടേണ്ട തെറ്റു തന്നെ. അതിലും എനിയ്ക്ക് തർക്കമില്ല. എന്നാൽ വീട്ടിൽ നിന്നും തൊട്ടടുത്ത കടയിലേക്ക് പച്ചക്കറി വാങ്ങാൻ പോകുമ്പോൾ മേൽപ്പറഞ്ഞ സത്യവാങ്മൂലം കയ്യിൽ വേണമെന്നത് എന്തുകൊണ്ടോ എന്‍റെ ചെറിയ ബുദ്ധിയിൽ ധാരണയില്ലാതെ പോയി. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇതൊക്കെ വളരെ വ്യക്തമായി, ദിവസേന അദ്ദേഹം തൊണ്ട കീറിപ്പറയുന്നത് നിങ്ങളെപ്പോലുള്ളവർക്ക് വേണ്ടിയാണെന്ന് തലയിൽ മുടില്ലാത്ത പോലീസുകാരൻ എന്നോട് കണ്ണുരുട്ടി. താമസിക്കുന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്നതിന് ഇപ്രകാരം കുറിപ്പെഴുതന്നമെന്നൊന്നും മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹം തൊണ്ട കീറിയല്ല, വളരെ ശാന്തനായാണ് പറയുന്നതും. ഞാനെന്നും കാണാറുള്ളതല്ലേ...? പ്രതിരോധിക്കാനുള്ള ശ്രമമുണ്ട് എന്നായപ്പോൾ അയാൾ അടുത്ത കുറ്റം ആരോപിച്ചത് അതിവിചിത്രമായി തോന്നി. ''താൻ കൂടുതൽ സംസാരിയ്ക്കണ്ട, ഡമ്പിൾ മാസ്ക് വേണ്ടതാണ് പൊറത്തെറങ്ങുമ്പൊ.... ഇല്ലല്ലോ.....?''  N95 ആണെന്ന് ഞാൻ. "N95, അതെഴുത്ത് മാത്രമേയുള്ളൂ'' എന്നയാൾ. അത് ഞാനെഴുതിയതല്ല, എനിക്കതുണ്ടാക്കുന്ന വിധവും അറിഞ്ഞു കൂട. ഇങ്ങനെ ശൂന്യനായി പ്രതികരിക്കുന്ന ഒരു മനുഷ്യനോട് സംസാരത്തിനേ പോകരുത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.  പിഴപ്പണമായ അഞ്ഞൂറ് രൂപയും കൊടുത്ത് ഞാൻ തിരിച്ചു പോന്നു.

അയൽക്കാരനായ ഒരാളുടെ കയ്യിൽ മേൽപ്പറഞ്ഞ സത്യവാങ്മൂലമുണ്ട്, പക്ഷേ അതിൽ ഫോൺ നമ്പർ എഴുതിയില്ലെന്ന കാരണം പറഞ്ഞ് അഞ്ഞൂറ് രൂപ എഴുതി വാങ്ങിയത്രേ. ദുരിതകാലത്ത് സർക്കാരിലേക്കുള്ള സംഭാവനയായി കരുതി ഞാൻ സമാധാനപ്പെട്ടു. അയാൾ ആ പണം മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്വരുക്കൂട്ടി വച്ചതായിരുന്നോ ആവോ...? ഈ അടുത്ത ദിവസം എൺപതു വയസ്സിനു മേൽ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിതാ പൊലീസുദ്യോഗസ്ഥ പെരുമാറിയതിന്‍റെ വീഡിയോ ദൃശ്യം നമ്മിൽ ചിലരെങ്കിലും കണ്ടുകാണും. പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവർ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നല്ലതിനു വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്മേൽ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന  ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിക്കാൻ ആര് വരുമെന്നു വേണം നമ്മൾ വിചാരിക്കാൻ...?! നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ അഹന്തയോടെയും മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് അതും ഈ ദുരിത കാലത്ത്, ഒട്ടും സഹിക്കാനേ കഴിയുന്നില്ല. 

സാർ, മാസാമാസം മുടങ്ങാതെ സർക്കാര്‍ തരുന്ന ശമ്പളമുള്ളതുകൊണ്ട് നിങ്ങളുടെ ജീവിതം ഭദ്രമാണ്. ആശങ്കപ്പെടേണ്ട കാര്യമേയില്ല. അത് മഹാഭാഗ്യം....! എന്നാൽ ആ സുരക്ഷിതത്വബോധം ഒരു സാധുവിനെ അധിക്ഷേപിക്കാനുള്ള അധികാരത്തിന്‍റെ സപ്പോർട്ടായിട്ട് ദയവ് ചെയ്ത് കാണക്കാക്കരുത്. കാരണം മഹാഭൂരിപക്ഷം വരുന്ന മനുഷ്യർ തൊഴിലെടുക്കാനാവാതെ ദുരിതമനുഭവിച്ച്, ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ചിന്തിക്കുക. അങ്ങനെയുള്ള ദരിദ്രരായ ഞങ്ങളോട്  ഒരല്പം കരുണയോടെ പെരുമാറുക. അപേക്ഷയാണ്. കൈ മെയ് മറന്ന് കർമ്മരംഗത്ത് മുഴുകിയിരിക്കുന്ന ആയിരക്കണക്കിനു വരുന്ന ഉദ്യോഗസ്ഥരെയും ഞങ്ങൾ കാണുന്നുണ്ട്. നിങ്ങളോടൊക്കെ ഞങ്ങൾക്ക് അങ്ങേയറ്റത്തെ നന്ദിയും ബഹുമാനവുമുണ്ട്. നിങ്ങളുടെയൊക്കെ തണലിൽ കഴിയുന്ന ഇത്തരം ആളുകളോട് ഇതൊന്നും പറയാതെ കഴിയില്ലല്ലോ..

മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ബാങ്കിൽ നിന്നും വിളി വരും, ലോൺ അടവിന്‍റെ കാര്യം പറഞ്ഞ്. നാട് മുഴുവൻ അടച്ചു പൂട്ടിയിട്ട്, പുറത്തിറങ്ങരുതെന്ന നിയമം നിലനിൽക്കെ ബാങ്കിലെ അടവ് മുടക്കം കൂടാതെ അടച്ചു കൊണ്ടുപോകാൻ പറയുന്നതിന്‍റെ യുക്തിയൊന്നും ചെറിയ ബുദ്ധിയുള്ള ഞങ്ങളുടെ ആലോചനകളിൽ തെളിയുന്നില്ല. ബാങ്കുകാരോട് ഇങ്ങനെ തുടരെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് പറയണം. പാവങ്ങളാണ്, പേടിച്ച് വല്ലതും ചെയ്ത് പോവും. പുറത്തിറങ്ങാവുന്ന സമയം വരട്ടെ, ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാവട്ടെ, അവരടച്ചോളും, ഇല്ലെങ്കിൽ ജപ്തി ചെയ്തു കൊണ്ടുപൊയ്ക്കോളൂ.... ആർക്കും അഭിമാനക്ഷതമുണ്ടാകേണ്ട കാര്യമില്ല, കാരണം മഹാമാരി നമ്മുടെയൊന്നും സൃഷ്ടിയല്ലല്ലോ... അല്ലാതെ ഇത്തരം പിടിച്ചുപറികളും ശല്ല്യപ്പെടുത്തലും കൂടിക്കൂടി വന്നാൽ  ആളുകൾ കൂട്ടത്തോടെ ചാവും. ഇന്നലെ ഒരച്ഛനും അമ്മയും അവരുടെ പൊന്നുമോളും ആത്മഹത്യ ചെയ്തത് നാം കണ്ടതാണ്....! കരുണ കാണിക്കുക. ഉദ്യോഗസ്ഥരോട് മര്യാദ മറക്കരുതെന്ന് പറയുക. എല്ലാവരും മനുഷ്യരല്ലേ...?

click me!