
കൊച്ചി: നടന്‍ ടൊവിനൊ തോമസിനെതിരായ 'കൂവല്‍' വിവാദത്തില്‍ പ്രതികരിച്ച് നടന്‍ മണിക്കുട്ടന്‍. 'കൂകിവിളിക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ'യെന്ന കുറിപ്പോടെയാണ് മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നു.
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലരും പല വിവാദങ്ങളിലും ചെന്ന് പെടുന്ന വാര്‍ത്തകള്‍ ദിനംപ്രതി കാണുന്നത് കൊണ്ട് മാത്രമാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് പറയുന്ന മണിക്കുട്ടന്‍ ടൊവിനൊയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശിക്കുന്നത്. ഒന്നോ രണ്ടോ സിനിമ കൊണ്ട് സൂപ്പര്‍ താരങ്ങളാകുന്ന ഇന്നത്തെ പല താരങ്ങള്‍ക്കും തൊട്ടുമുന്നിലെ തലമുറയുടെ കഷ്ടപ്പാട് മനസ്സിലാകണമെന്നില്ലെന്ന് മണിക്കുട്ടന്‍ കുറിക്കുന്നു.
''മുടി മുറിക്കലും , കൂകി വിളികൾക്കെതിരെയുള്ള പ്രതികരണരീതിയും ബ്രേക്കിംഗ് ന്യൂസ് ആകുന്ന കാലത്ത് നമ്മള്‍ പ്രതിധാനം ചെയ്യുന്ന സിനിമാ വ്യവസായത്തിന് , സിനിമാ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്'' എന്നും ഷെയിനിന്‍റെയോ ടൊവിനൊയുടെയോ പേര് പറയാതെ മണിക്കുട്ടന്‍ കുറിച്ചു.
''അഹങ്കാരിയെന്ന് ഒരുകാലത്ത് മുദ്രകുത്തപ്പെട്ട പൃഥ്വിരാജ് ഇന്ന് ഈ കൂകി വിളിച്ചു ട്രോളിയവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനായത് വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ ഒന്നുകൊണ്ട് മാത്രമാണ്. നടനായും , സംവിധായകനായും , നിര്‍മ്മാതാവായും ഒക്കെ അദ്ദേഹം നിറഞ്ഞ് നില്‍ക്കുന്നത് സിനിമയെ അത്രത്തോളം പൃഥ്വിരാജ് എന്ന നടന്‍ സ്നേഹിക്കുന്നതു കൊണ്ടാണ്, അതുപോലെ തന്നെ തനിക്ക് ചുറ്റുമുള്ള ഒരു വിവാദങ്ങളെയും ശ്രദ്ധിക്കാത്തത് കൊണ്ടും കൂടിയാണ്'' - മണിക്കുട്ടന്‍ ഓര്‍മ്മിപ്പിച്ചു.
മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെ ടൊവിനൊയുടെ പ്രസംഗത്തിന് കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച നടന്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് മൈക്കിലൂടെ കൂവിക്കുകയായിരുന്നു. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോ വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ചത്.
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിച്ചത്. ടോവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവി. അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
*കൂകിവിളിയ്ക്കെതിരെ പ്രതികരിക്കുന്ന യുവതലമുറ*
അഭിനേതാവ് എന്ന നിലയില്‍ കുറച്ചധികം വര്‍ഷങ്ങളായി നിങ്ങളെന്നെ കാണുന്നുണ്ടാകും. ആദ്യമേ പറഞ്ഞു കൊള്ളട്ടേ,
ഞാന്‍ എല്ലാം തികഞ്ഞൊരു വ്യക്തിയോ നടനോ അല്ല എന്ന ബോധ്യം മറ്റാരെക്കാള്‍ എനിക്ക് നന്നായി തന്നെയുണ്ട്.
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലരും പല വിവാദങ്ങളിലും ചെന്ന് പെടുന്ന വാര്‍ത്തകള്‍ ദിനംപ്രതി കാണുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാമെന്ന് കരുതിയത്.
ശരിയാണ് ഞാനും ഒരു മനുഷ്യനാണ്. നാളെ എന്റെ ഭാഗത്ത് നിന്നും തെറ്റുകള്‍ സംഭവിക്കാം. പക്ഷേ അറിഞ്ഞുകൊണ്ട് അത്തരം തെറ്റുകളിലും വിവാദങ്ങളിലും ചാടാതിരിക്കാന്‍ ശ്രമിക്കേണ്ടത് എന്റെ കടമയാണ്.
വിവാദങ്ങളിലും അനാവശ്യ പ്രശ്നങ്ങളിലും ചെന്ന് പെടാതെ എനിക്കു ലഭിക്കുന്ന ചെറിയ ഇടത്തില്‍ എന്റെ കൊച്ച് കൊച്ച് വിഷമങ്ങളും സന്തോഷങ്ങളുമായി കഴിയുന്ന ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു സിനിമ പുറത്തിറങ്ങുന്നത് നൂറു കണക്കിന് പേരുടെ കഷ്ടപ്പാടുകളുടെ ഫലമായാണ്. ഒരു കഥ ജനിക്കുന്നതും അത് തിരക്കഥയായി രൂപാന്തരപ്പെടുന്നതും അത് Dedicated ആയ ഒരു സംവിധായകനിലെത്തുന്നതുമൊക്കെ ഒരു വലിയ പ്രക്രിയയാണ്. അതേ പോലെ സംവിധായകന്‍ മനസ്സില്‍ കാണുന്ന സിനിമയ്ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റ് പോലും സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കളും ചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്.
മമ്മൂക്കയെയും ലാലേട്ടനേയുമൊക്കെ റോള്‍ മോഡലാക്കി സിനിമ സ്വപ്നം കാണുന്ന ആയിരക്കണക്കിന് സിനിമാ മോഹികളില്‍ ഒരാളാണ് ഞാനും.
ആ തലമുറയ്ക്ക് ശേഷം എടുത്ത് പറയേണ്ട ചില പേരുകളുണ്ട്. പൃഥ്വിരാജ് , ചാക്കോച്ചന്‍ (കുഞ്ചാക്കോ ബോബന്‍) , ജയേട്ടന്‍ (ജയസൂര്യ), ഉണ്ണി (ഉണ്ണി മുകുന്ദന്‍) എന്നിവര്‍.
തങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇവരൊക്കെ നടത്തുന്ന ആത്മസമര്‍പ്പണം പറയാതിരിക്കാനാകില്ല. അഹങ്കാരിയെന്ന് ഒരുകാലത്ത് മുദ്രകുത്തപ്പെട്ട പൃഥ്വിരാജ് ഇന്ന് ഈ കൂകി വിളിച്ചു ട്രോളിയവരെ കൊണ്ടെല്ലാം കൈയ്യടിപ്പിച്ചു കൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനായത് വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ ഒന്നു കൊണ്ട് മാത്രമാണ്. നടനായും , സംവിധായകനായും , നിര്‍മ്മാതാവായും ഒക്കെ അദ്ദേഹം നിറഞ്ഞ് നില്‍ക്കുന്നത് സിനിമയെ അത്രത്തോളം പൃഥ്വിരാജ് എന്ന നടന്‍ സ്നേഹിക്കുന്നതു കൊണ്ടാണ്, അതുപോലെ തന്നെ തനിക്ക് ചുറ്റുമുള്ള ഒരു വിവാദങ്ങളെയും ശ്രദ്ധിക്കാത്തത് കൊണ്ടും കൂടിയാണ്. ഇപ്പൊ കരിയറിന്റെ everpeak സമയത്തു നിൽക്കുന്ന ഈ സമയത്തു നാല് മാസം ബ്രേക്ക് എടുത്തു ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തുന്ന മേക്കോവര്‍ കണ്ട് ഞങ്ങളൊക്കെ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ്.
മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ അനിയത്തിപ്രാവ് മുതല്‍ തരംഗമാണ്. പക്ഷേ അതേ കുഞ്ചാക്കോ ബോബനെന്ന നടന് ഇടക്കാലത്ത് ഒരുപാട് struggle ചെയ്യേണ്ടി വന്നു. പക്ഷേ അത് കഴിഞ്ഞ് അദ്ദേഹം നടത്തിയ ആ ഒന്നൊന്നര തിരിച്ചു വരവിനെപ്പറ്റി എടുത്ത് പറഞ്ഞേപ്പറ്റു.
അതേ പോലെ പറയേണ്ട ഒരു പേരാണ് ജയസൂര്യ എന്ന നടന്റേത്. മിമിക്രി വേദികളിലൂടെ തുടങ്ങി , പിന്നീട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പടി പടിയായി മുകളിലേയ്ക്ക് വന്ന നടനാണ് ജയേട്ടന്‍. ഇന്നദ്ദേഹം എവിടെയെത്തി നില്‍ക്കുന്നു എന്ന് ശ്രദ്ധിച്ചു നോക്കു.
ഉണ്ണി മുകുന്ദനെന്ന നടന്‍ കരിയര്‍ ആരംഭിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിട്ടില്ല. എങ്കിലും സിനിമകള്‍ തെരഞ്ഞെടുക്കാനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാനും ഉണ്ണി കാണിക്കുന്ന ആത്മാര്‍ത്ഥത ഇന്നത്തെ തലമുറ മാതൃകയാക്കേണ്ടതാണ്.
മുകളില്‍ പറഞ്ഞവരൊക്കെ പല രീതിയില്‍ കഷ്ടപ്പെട്ട് ഈ നിലയില്‍ എത്തിയവരാണ്. ഒരുപക്ഷേ ഒന്നോ രണ്ടോ സിനിമ കൊണ്ട് സൂപ്പര്‍ താരങ്ങളാകുന്ന പല ഇന്നത്തെ താരങ്ങള്‍ക്കും ആ കഷ്ടപ്പാട് അറിയണമെന്നില്ല. മുടി മുറിയ്ക്കലും , കൂകി വിളികൾക്കെതിരെയുള്ള പ്രതികരണരീതിയും Breaking news ആകുന്ന കാലത്ത് നമ്മള്‍ പ്രതിധാനം ചെയ്യുന്ന സിനിമാ വ്യവസായത്തിന് , സിനിമാ എന്ന കലാരൂപത്തിന് കോട്ടം തട്ടുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതെയിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
മലായാള സിനിമ 'ലഹരി'യ്ക്ക് അടിമപ്പെട്ടു എന്നൊക്കെയുള്ള വാദങ്ങളോട് എനിക്കൊരു തരി പോലും യോജിപ്പില്ല. അതേ സമയം ഇത്തരം വാദം ഉന്നയിക്കുന്നവര്‍ക്ക് അങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ നോക്കിയാല്‍ നന്ന്.
പുതിയ വര്‍ഷത്തില്‍ മലയാള സിനിമയില്‍ വലിയ വിജയങ്ങളുടെ വാര്‍ത്തകള്‍ മാത്രം പരക്കട്ടേ.വിവാദങ്ങള്‍ പരക്കാതിരിക്കട്ടേ...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ