
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. അടുത്തിടെ താരത്തിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റതും മറ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ കാൻസർ അതിജീവനത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കാൻസറിന്റെ തുടക്കമായി തനിക്ക് വന്നത് ചെവിവേദനയാണെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ചികിത്സയുടെ ഭാഗമായി 30 റേഡിയേഷനുകളും 5 കീമോയും ചെയ്തുവെന്നും, അസുഖം വന്നപ്പോൾ മമ്മൂട്ടിയും മോഹൻലാലും മാത്രമേ തന്നെ കാണാൻ വന്നുവുള്ളുവെന്നും മണിയൻപിള്ള രാജു തുറന്നുപറഞ്ഞു. കേരളം കാൻ 2026 ലായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം.
"ചെവിവേദനയും തലയുടെ ഒരു ഭാഗത്ത് മരവിപ്പും. അങ്ങനെയാണ് തുടക്കം. പന്ത്രണ്ടോളം ഇഎൻടി ഡോക്ടേഴ്സിനെ കാണിച്ചു. ചെവിയിൽ ഒഴിക്കാൻ മരുന്ന് തന്നു. ഷൂട്ടിങിന് പോയാലും നേരം വെളുക്കും വരെ കാത്തിരിക്കും ഈ വേദന കുറയാൻ. അങ്ങനെ ഒരു ദിവസം മോഹൻലാൽ നിർദേശിച്ച ഒരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം എക്സറെ എടുപ്പിച്ച് നോക്കി. പല്ലിന് ഒരു വശത്തായി ഞരമ്പ് പിടച്ചിരിക്കുന്നതായി കണ്ടു. ദന്തഡോക്ടറെ കാണാനും നിർദേശിച്ചു. നിരന്തരമുള്ള ചെവിവേദന ഒരു നല്ല ലക്ഷണമല്ലല്ലോ. ഇഞ്ചക്ഷൻ അടക്കം നൂറായിരം കാര്യങ്ങളെ എനിക്ക് ഭയമാണ്. ഡെന്റിസ്റ്റിനെ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആ പല്ല് ഇളക്കി കളഞ്ഞു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വേദന തിരികെ വന്നു. സഹിക്കാൻ കഴിയുന്നില്ല. അവസാനം തിരുവനന്തപുരത്ത് പോയി എംആർഐ എടുക്ക് നോക്കിയപ്പോൾ കഴുത്തിന് താഴെ കാൻസർ കണ്ടെത്തി. രണ്ട് ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞു. 30 റേഡിയേഷനുകളും അഞ്ച് കീമോയും ചെയ്തു. മുപ്പത് റേഡിയേഷൻ എന്നത് ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു." മണിയൻപിള്ള രാജു പറയുന്നു.
"മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു നീ ഫൈറ്റ് ചെയ്യണമെന്ന്. റേഡിയേഷൻ സമയത്തെല്ലാം എനിക്ക് ഭയമായിരുന്നു. അവസാനം ഒരെണ്ണം കുറച്ച് തരാൻ വരാൻ വരെ ഡോക്ടറോട് ഞാൻ ആവശ്യപ്പെട്ടു. ഡിസ്കൗണ്ട് ചോദിച്ചെങ്കിലും മുപ്പതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അസുഖം വന്നശേഷം കളിയാക്കലുകൾ നിരവധി അഭിമുഖീകരിക്കേണ്ടി വന്നു. ശരീര ഭാരം കുറഞ്ഞതുകൊണ്ടായിരുന്നു ഏറെയും പരിഹാസം. എല്ലാവരും വന്ന് ചോദിക്കും എന്ത് പറ്റി? വല്ലാതെ ഓഞ്ഞുപോയല്ലോ... ചാവാറായല്ലോ എന്നൊക്കെയാണ് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നവരോട് കാൻസറാണെന്ന് തുറന്ന് പറയും. അതൊക്കെ പേപ്പറിൽ വായിച്ചു എന്ന് അവർ അപ്പോൾ മറുപടി പറയും."
എന്നിട്ടും പിന്നെ എന്തിന് മെനക്കെടുത്തിയെന്ന് ഞാനും തിരിച്ച് ചോദിക്കും. അതുപോലെ ഒരു ഫങ്ഷനുപോയി സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഒരു വണ്ണമുള്ളയാൾ വന്ന് മുതുകിൽ അടിച്ചു. അത്തരത്തിലുള്ള സ്നേഹപ്രകടനം താൽപര്യമില്ലാത്തയാളാണ് ഞാൻ. എന്നെ പരിചയം പോലും അയാൾക്കില്ല. എന്നിട്ട് എങ്ങനെയാണ് തടി കുറഞ്ഞതെന്നും ടിപ്പ് പറഞ്ഞ് തരാനും അയാൾ പറഞ്ഞു. ഒന്നും ചെയ്യേണ്ട കാൻസർ വരാൻ വേണ്ടി പ്രാർത്ഥിച്ചാൽ മതിയെന്ന് ഞാനും പറഞ്ഞു. പിന്നെ അയാളെ എവിടേയും കണ്ടില്ല. ചികിത്സയ്ക്കുശേഷം ടേസ്റ്റ് ബഡ്സിന് ചില പ്രശ്നങ്ങൾ വന്നു. ചെറിയ അളവിലെ ചോറ് കഴിക്കാറുള്ളു. നല്ല ബിരിയാണി കാണുമ്പോൾ കൊതി വരുമെങ്കിലും ഇപ്പോൾ വളരെ കുറച്ച് മാത്രമെ കഴിക്കാറുള്ളു. അതുകൊണ്ടാണ് ശരീര ഭാരം കുറഞ്ഞത്. ഇപ്പോൾ പഴയതടി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. സുഖമില്ലാതെ കിടന്നപ്പോൾ എന്നെ കാണാൻ ആരും വന്നില്ല. മോഹൻലാലും മമ്മൂട്ടിയും മാത്രമെ വന്നുള്ളൂ." മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ